Featured Oddly News

4 ലക്ഷം അതിഥികള്‍! മോദിക്കും ക്ഷണം… മകളുടെ ബ്രഹ്മാണ്ഡ കല്യാണത്തിന് ബിഹാർ ‘ബാഹുബലി’! വിവാഹം കഴിഞ്ഞാല്‍ കൊലക്കേസില്‍ കീഴടങ്ങും

പട്‌ന: പാകിസ്‌താനില്‍നിന്നടക്കം നാലു ലക്ഷം പേര്‍ പങ്കെടുക്കുന്ന ബ്രഹ്മാണ്ഡ വിവാഹച്ചടങ്ങിന് ഒരുങ്ങി ബിഹാർ ‘ബഹുബലി’ എന്നറിയപ്പെടുന്ന മൊകാമ മുൻ എം.എല്‍.എ അനന്ത്‌ സിങ്. അതിഥികള്‍ക്കായി ഒരുക്കുന്ന വിഭവസമൃദ്ധമായ വിരുന്നും കുതിരപ്പന്തയ മത്സരവുമെല്ലാം ‘ഛോട്ടോ സര്‍ക്കാര്‍’ എന്ന് അറിയപ്പെടുന്ന സിങ്ങിന്റെ ജന്മനാടായ ലാഡ്‌മയിൽ നടക്കുന്ന ആഘോഷങ്ങളുടെ സാമ്പിൾ മാത്രമാണ്. അനേകം ഏക്കര്‍ വിസ്‌തൃതിയിൽ ഒരുങ്ങുന്ന പന്തലിലേക്ക് രാഷ്‌ട്രീയ പ്രമുഖരും ചലച്ചിത്ര താരങ്ങളും ഗായകരുമടക്കം വി.ഐ.പികളുടെ വൻ നിര തന്നെയെത്തും.

നവംബര്‍ 25-നാണ്‌ അനന്ത്‌ സിങ്ങിന്റെ മകള്‍ ശിവാംഗിയും ഋഷികേശ്‌ കുമാറും (അങ്കിത്‌) തമ്മിലുള്ള വിവാഹം സജ്ജീകരിച്ചിരിക്കുന്നത്. വിവാഹപ്പന്തലുകള്‍ അലങ്കരിക്കാൻ ഉത്തർപ്രദേശിലെ മൗവിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധ സംഘമാണ് എത്തിയിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പുരോഗമിക്കുന്ന പന്തലിന്റെ പണികൾ നവംബർ 20-ഓടെ പൂർത്തിയാകും. വിജയിക്ക് മഹീന്ദ്ര ഥാറും രണ്ടാം സമ്മാനമായി ബൈക്കും നൽകുന്ന കുതിരപ്പന്തയത്തിനായി പ്രത്യേക മൈതാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വി.വി.ഐ.പി അതിഥികൾക്കായി പ്രത്യേക പന്തലുകളും വധൂവരന്മാർക്കായി 150 ക്വിന്റൽ അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് 100 അടി നീളമുള്ള സിമന്റ് വേദിയുമാണ് നിർമ്മിക്കുന്നത്. ബിഹ്തയിലെ പുതിയ വീട്ടിൽ വെച്ച് എല്ലാ ചടങ്ങുകളും നടന്ന ശേഷം അവിടെ നിന്ന് പുറപ്പെടുന്ന വിവാഹഘോഷയാത്ര (ബറാത്ത്) അനന്ത് സിങ്ങിന്റെ തറവാട്ടു ഗ്രാമമായ ലാഡ്മയിലെത്തിയാണ് വിവാഹച്ചടങ്ങുകൾ നിർവ്വഹിക്കുന്നത്. വിവാഹശേഷം ബിഹ്തയിലെ രാമകൃഷ്ണ നഗറിലുള്ള പുതിയ വീട്ടിലേക്കായിരിക്കും വധു മാറുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ മുൻ മുഖ്യമന്ത്രിമാരായ നിതീഷ്‌ കുമാര്‍, ലാലു പ്രസാദ്‌ യാദവ്‌, പ്രതിപക്ഷ നേതാവ്‌ തേജസ്വി യാദവ്‌ എന്നിവരുൾപ്പെടെയുള്ള പ്രമുഖ രാഷ്‌ട്രീയ നേതാക്കളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് അനന്ത് സിങ് വ്യക്തമാക്കി. ബോളിവുഡ്‌ താരം സോനു സൂദ്‌, ഗായിക മൈഥിലി താക്കൂര്‍, മനോജ്‌ തിവാരി, ഭോജ്‌പുരി താരം പവന്‍ സിങ്‌, അക്ഷര സിങ്‌ തുടങ്ങിയ പ്രമുഖർക്ക് പുറമേ നിരവധി സ്‌റ്റേജ്‌ ഷോകളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെയും പാകിസ്‌താനിലെയും പ്രമുഖരെയെല്ലാം ക്ഷണിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പാകിസ്‌താനിലേക്കും ക്ഷണക്കത്തുകൾ അയക്കുന്നുണ്ടെന്ന് അറിയിച്ചു. വിവാഹങ്ങൾക്കും കുടുംബ ചടങ്ങുകൾക്കും രാഷ്‌ട്രീയ വേർതിരിവുകൾ ഇല്ലെന്നും തിരഞ്ഞെടുപ്പിലും വോട്ടു ചോദിക്കുമ്പോഴുമാണ് അത്തരം രാഷ്ട്രീയ വിഭജനങ്ങൾ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹം കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷം, ദുലാർ ചന്ദ് യാദവ് വധക്കേസുമായി ബന്ധപ്പെട്ട് സിങ്ങിന് അധികൃതർക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നേക്കാം. എതിർ സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തിയ ദുലാർ ചന്ദിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിങ് അറസ്റ്റിലായത്. തുടർന്ന് മാർച്ച് മാസത്തിൽ ജാമ്യം ലഭിച്ചെങ്കിലും ഡിസംബർ 1-നകം കീഴടങ്ങാൻ കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി ഒൻപത് പേരെ കൊലപ്പെടുത്തിയത് താനാണെന്ന് അവകാശപ്പെട്ട് സിങ് അടുത്തിടെ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ നിതീഷ് കുമാറിനൊപ്പം നിലകൊണ്ടതിന്റെ പേരിൽ ലാലു യാദവിന്റെ ഭരണകാലത്ത് തന്റെ ഒൻപത് കൂട്ടാളികൾ കൊല്ലപ്പെടുകയാണ് ഉണ്ടായതെന്നും തന്റെ വാക്കുകളെ ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നു എന്നും പിന്നീട് ഇയാൾ തിരുത്തിപ്പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ ഒക്ടോബറിൽ അനന്ത് സിങ്ങിനെയും ഭാര്യ നീലം ദേവിയെയും ജെ.ഡി.യുവിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയിട്ടുമുണ്ട്.