തിരുവനന്തപുരം: കാട്ടാക്കടയിൽ മോഷണക്കേസിൽ പിടിയിലായ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കാഴ്ചക്കാരായി തടിച്ചുകൂടിയത് പ്രദേശവാസികളായ വലിയൊരു കൂട്ടം നാട്ടുകാരാണ്. പകൽ സമയങ്ങളിൽ ക്ഷീരകർഷകനായും ചുമട്ടുതൊഴിലാളിയായും നാട്ടുകാരുടെ വിശ്വാസം നേടിയ മാറനല്ലൂർ സ്വദേശി നിഷാന്താണ് രാത്രികാലങ്ങളിൽ വീടുകൾ കയറി മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 28 മോഷണക്കേസുകളിൽ പ്രതിയായ നിഷാന്ത് മോഷ്ടിച്ച സ്വർണം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവെച്ച് ഒരു കോടിയിലധികം രൂപ സമ്പാദിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലാകുന്നതുവരെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനും മാതൃകാപരമായ രീതിയിൽ ജീവിച്ചിരുന്നയാളുമായിരുന്നു നിഷാന്ത്. നല്ലൊരു ക്ഷീരകർഷകൻ, കഠിനാധ്വാനിയായ ചുമട്ടുതൊഴിലാളി എന്നിങ്ങനെയായിരുന്നു നാട്ടുകാർക്കിടയിൽ ഇയാളുടെ പ്രതിച്ഛായ. മുൻപ് പ്രദേശത്തെ മോഷ്ടാവിനെ പിടികൂടാനായി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലുകളിൽ പോലും മുൻപന്തിയിലുണ്ടായിരുന്ന ഇയാളാണ് ഇപ്പോൾ പരമ്പര മോഷണക്കേസുകളിൽ പ്രതിയായിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ പ്രദേശത്തെ 28 വീടുകളിൽ ഇയാൾ മോഷണം നടത്തിയതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
തെളിവെടുപ്പിന്റെ ഭാഗമായി നിഷാന്തിനെ റസൽപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എത്തിച്ചപ്പോഴാണ് അത്ഭുതത്തോടെ നാട്ടുകാർ കൂട്ടത്തോടെ തടിച്ചുകൂടിയത്. കഴിഞ്ഞ നാലു വർഷത്തിനിടെ ഈ സ്ഥാപനത്തിൽ മാത്രം പല ഘട്ടങ്ങളിലായി ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം ഇയാൾ പണയംവെച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മോഷ്ടിക്കുന്ന സ്വർണം പണയംവെച്ച ശേഷം മിക്കതും മൂന്നു മാസത്തിനുള്ളിൽ തിരിച്ചെടുക്കുന്നതായിരുന്നു നിഷാന്തിന്റെ രീതി. പിടിയിലായാൽ അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാനും സംശയം ഒഴിവാക്കാനുമായിരിക്കാം ഇയാൾ ഇത്തരത്തിൽ ചെയ്തതെന്നാണ് പൊലീസിന്റെ സംശയം. രണ്ടാഴ്ച മുൻപ് പണയംവെച്ച ആറു പവൻ സ്വർണം മാത്രമാണ് ഇവിടെ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്താനായത്. നിഷാന്ത് നാട്ടിൽ നല്ല രീതിയിൽ വിശ്വാസ്യത നേടിയിരുന്ന വ്യക്തിയായതിനാൽ ഇയാളുടെ വലിയ ഇടപാടുകളിൽ സംശയമൊന്നും തോന്നിയിരുന്നില്ലെന്നാണ് സ്ഥാപന ഉടമ പറയുന്നത്.
അതേസമയം, തങ്ങളുടെ വീടുകളിൽ നടന്ന മോഷണത്തിന് പിന്നിൽ നിഷാന്താണെന്ന് സ്വർണം നഷ്ടപ്പെട്ടവർക്ക് ഇപ്പോഴും പൂർണ്ണമായി വിശ്വസിക്കാനായിട്ടില്ല. ബാലരാമപുരത്തെ ഒരു ജ്വല്ലറിയിൽ മാത്രം നൂറിലധികം പവൻ സ്വർണം വിറ്റതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഈ ജ്വല്ലറി കേന്ദ്രീകരിച്ചും പൊലീസ് ഉടൻ തെളിവെടുപ്പ് നടത്തും.




