ലണ്ടൻ: ലൈംഗിക പീഡനക്കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബ്രിട്ടീഷ് നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡിന് പത്തുവർഷവും ആറുമാസവും തടവുശിക്ഷ വിധിച്ചു. 21 വയസ്സുള്ള ആരാധികയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിനുമാണ് താരത്തിനെതിരെ ശിക്ഷാനടപടി ഉണ്ടായിരിക്കുന്നത്.
സൗത്ത്‌വാർക്ക് ക്രൗൺ കോടതിയിൽ നാലാഴ്ച നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് 51-കാരനായ റസ്സൽ ബ്രാൻഡ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നടന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലായിരുന്ന 2004 നും 2009 നും ഇടയിലുള്ള കാലയളവിലാണ് ഈ കുറ്റകൃത്യങ്ങൾ നടന്നത്. എന്നാൽ, ഇയാൾക്കെതിരെ ഉയർന്ന മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും ഒരു ബലാത്സംഗശ്രമക്കേസിലും കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
ബാർ, റേഡിയോ സ്റ്റേഷൻ, ടെലിവിഷൻ സ്റ്റുഡിയോ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് റസ്സൽ സ്ത്രീകളെ അതിക്രമത്തിന് ഇരയാക്കിയത്. അതേസമയം, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച നടൻ, പരസ്പര സമ്മതമില്ലാതെ ആരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്.




