കൊച്ചി ∙ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയെ സമീപിച്ചു. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന സംഘം തന്നെ മർദിച്ചുവെന്ന് കാട്ടി ഡോ. ജോൺസൺ പരാതി നൽകിയതിനു പിന്നാലെയാണ് നടിയുടെ ബന്ധു പീഡനപരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ താൻ നൽകിയ കേസിൽ നിന്ന് രക്ഷപ്പെടാൻ നിർമിച്ചെടുത്ത വ്യാജ പരാതിയാണിതെന്നാണ് ജോൺസന്റെ ആരോപണം.
ഒക്ടോബർ 10-ന് ഇൻഫോപാർക്കിലെ ഹോട്ടലിൽ വെച്ച് ജോൺസൺ തന്നെ പീഡിപ്പിച്ചെന്നാണ് അൻപതുകാരിയായ പരാതിക്കാരി ആരോപിക്കുന്നത്. എന്നാൽ ഈ വാദം പൂർണമായും തെറ്റാണെന്ന് ഡോക്ടറുടെ ഹർജിയിൽ പറയുന്നു. ഒക്ടോബർ 10-ന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ നവംബർ 4-ന് ശേഷമാണ് പരാതി നൽകിയതെന്നും ഇതിൽ വലിയ കാലതാമസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ മാസം രണ്ടിന് നടിയുടെ ആവശ്യപ്രകാരം കടവന്ത്രയിലെ ഫ്ലാറ്റിലെത്തിയ തന്നെ പന്ത്രണ്ടംഗ സംഘം ആക്രമിക്കുകയും മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൽ താൻ നൽകിയ പരാതിയിൽ അതുല്യ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായതിന് ശേഷമാണ് തനിക്കെതിരെ ഇൻഫോപാർക്ക് സ്റ്റേഷനിൽ ബലാത്സംഗ പരാതി ഉയർന്നത്.
മെഡിക്കൽ സർട്ടിഫിക്കറ്റിനായി ബന്ധപ്പെട്ട ഡോക്ടർ, വൈകിട്ട് ഇൻഫോപാർക്കിലെ ഹോട്ടലിലെത്തി മദ്യം നൽകിയെന്നും തുടർന്ന് ക്ഷീണം കാരണം മുറിയെടുത്ത് വിശ്രമിച്ചപ്പോൾ പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരിയുടെ വാദം. എന്നാൽ പ്രായപൂർത്തിയായ രണ്ടു പേർ ഒരുമിച്ച് മദ്യപിച്ചു എന്നതുകൊണ്ടോ ഒരു മുറിയിൽ കയറി എന്നതുകൊണ്ടോ ബലാത്സംഗം നടന്നു എന്ന് സ്ഥാപിക്കാനാവില്ലെന്ന് ഹർജിയിൽ ഡോക്ടർ വ്യക്തമാക്കുന്നു. താൻ നൽകിയ ആക്രമണക്കേസിന് ശേഷം മാത്രം പരാതിയുമായി എത്തിയത് ദുരൂഹമാണ്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിൽ പരാതിയിലെ കാലതാമസം സംശയത്തോടെ കാണേണ്ടതുണ്ട്. ഒരു പ്രഫഷനൽ ഡോക്ടറായ താൻ ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു.
അതിനിടെ, കേസെടുത്തതിനു പിന്നാലെ ഡോ. ജോൺസണെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. നടി ഉൾപ്പെടുന്ന സംഘം ഡോക്ടറിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ ഒട്ടേറെ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളുണ്ടെന്നാണ് പൊലീസ് നിഗമനം. ഈ ഫോണുകൾ നടിയുടെ ബന്ധുവാണ് പരാതിക്കൊപ്പം പൊലീസിന് കൈമാറിയത്. ഈ ഫോണുകൾ എങ്ങനെ ഇവരുടെ കൈയിൽ എത്തി എന്നറിയാൻ പൊലീസ് മൊഴിയെടുക്കും. കേസിൽ അതുല്യ ചന്ദ്ര, ബിബിൻ വിഷ്ണു, കെ.ബി. വിഷ്ണു എന്നിവരെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് ഒൻപത് പേർ ഇപ്പോഴും ഒളിവിലാണ്. ഡോക്ടറുടെ ഫോണിൽ തന്റെ ബന്ധുവിന്റെ ദൃശ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനാണ് ഫോൺ പിടിച്ചെടുത്തതെന്നാണ് അതുല്യ പൊലീസിന് നൽകിയ മൊഴി.




