കൊൽക്കത്ത: കൊൽക്കത്തയിലെ ഗാരിയ മേഖലയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ സാർഥക് സർക്കാർ (25) എന്ന യുവാവ് കൊല്ലപ്പെട്ടു. വാടക ഫ്ലാറ്റിൽ ലിവ്-ഇൻ പങ്കാളിയായിരുന്ന സഞ്ചാലിക ബസുവുമൊത്ത് താമസിച്ചുവരികയായിരുന്ന യുവാവിനെ കാമുകിയും അമ്മയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സഞ്ചാലികയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി സാർഥകും സഞ്ചാലികയും തമ്മിലുണ്ടായ കടുത്ത വാക്കുതർക്കത്തിനൊടുവിൽ, സഞ്ചാലിക മൂർച്ചയേറിയ ആയുധമുപയോഗിച്ച് സാർഥകിന്റെ തോളിൽ വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ രക്തത്തിൽ കുളിച്ചുകിടന്ന സാർഥകിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സഞ്ചാലികയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് സഞ്ചാലികയുടെ അമ്മ മൗമിത ബസുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരും തമ്മിൽ വഴക്കിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ തർക്കം മൂലമാണോ അതോ സംഭവത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




