Celebrity Featured

ബർഗർ തിന്ന് ആശാ പരേഖ്, ലൈവ് ചാറ്റിൽ മധുബാല! ബോളിവുഡ് സുന്ദരിമാരുടെ എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ബോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിലെ പ്രശസ്ത നായികമാർ പെട്ടെന്ന് ഇൻസ്റ്റാഗ്രാമിൽ ലൈവായി വന്നാൽ എങ്ങനെയിരിക്കും? അങ്ങനെയൊരു ചിന്തയെ യാഥാർത്ഥ്യമാക്കുന്ന ഒരു എഐ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഇന്നത്തെ കാലഘട്ടത്തിലെ ഇൻഫ്ലുവൻസർമാരെപ്പോലെ പഴയകാല നടിമാർ ആരാധകരുമായി സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആശയ പരേഖ് ഇൻസ്റ്റാഗ്രാം ലൈവിനിടെ ബർഗർ കഴിക്കുന്നതും, മധുബാല ലൈവ് ചാറ്റിലൂടെ ആരാധകരോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ലൈവ് സ്ട്രീമിംഗിനിടെ നന്ദ ഒരു പെൺകുട്ടിക്ക് ടെഡി ബെയർ വാങ്ങിക്കൊടുക്കുന്നതും, മീനാകുമാരി ഒരു പുസ്തകശാലയിൽ നിന്ന് ലൈവിൽ വരുന്നതും, നർഗീസ് ഒരാളെ ടിഫിൻ ബോക്സ് നിറയ്ക്കാൻ സഹായിക്കുന്നതും, സിമി ഗരേവാൾ പോഡ്കാസ്റ്റിൽ പങ്കെടുക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.

35,000-ത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയുടെ ആശയത്തെയും എഡിറ്റിംഗിനെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. “വിന്റേജ് ബോളിവുഡ് സുന്ദരിമാർ പെട്ടെന്ന് ഇന്നത്തെ ലോകത്ത് പ്രത്യക്ഷപ്പെട്ട് ആരാധകരുമായി ലൈവിൽ വന്നാൽ… സോഷ്യൽ മീഡിയ ശരിക്കും ഇളകിമറിയും” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോ പലരിലും പഴയകാല ഓർമ്മകളും നൊസ്റ്റാൾജിയയും ഉണർത്തിയിട്ടുണ്ട്. അക്കാലത്തെ മാജിക് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, ഇന്നത്തെ കാലത്തായിരുന്നു എങ്കിൽ സോഷ്യൽ മീഡിയ ഇവരെ ആഘോഷമാക്കുമായിരുന്നു എന്നും ആളുകൾ അഭിപ്രായപ്പെടുന്നു. ഇന്നും മായാതെ നിൽക്കുന്ന സൗന്ദര്യവും ആകർഷകത്വവുമാണ് അവരുടേതെന്നും, പലരും സിമി ഗരേവാളിനെ യഥാർത്ഥ ‘ഒജി പോഡ്കാസ്റ്റർ’ എന്നും വിശേഷിപ്പിച്ചു. പഴയകാല നായികമാരോടുള്ള ആരാധനയും സ്നേഹവുമാണ് കമന്റുകളിലുടനീളം കാണാൻ സാധിക്കുന്നത്.