ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് ഒന്പതു കഷണങ്ങളായി കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിലായി. മംഗളഗിരി സ്വദേശിനിയായ കല്യാണിയാണ് (35) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭവാനിപുരം സ്വദേശി മുഹമ്മദ് ഷാഫിയെ (35) പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 18-ന് ഇബ്രാഹിംപട്ടണത്തെ കനാലിന് സമീപം തലയില്ലാത്ത ഉടൽ കണ്ടെത്തിയതോടെയാണ് ഭീകരമായ കൊലപാതക വിവരം പുറംലോകമറിയുന്നത്.
തുടർന്ന് എൻഡിആർഎഫിന്റെയും ഡ്രോണുകളുടെയും സഹായത്തോടെ കനാലിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും പോലീസ് കണ്ടെത്തുകയായിരുന്നു. എന്നാൽ ഒരു കൈ കണ്ടെത്താനായിട്ടില്ല. വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ, കയ്യിലെ ടാറ്റൂവും അടയാളങ്ങളും കണ്ട് സഹോദരനാണ് മരിച്ചത് കല്യാണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്നുണ്ടായ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫിയുടെ പങ്കു തെളിയുന്നത്. സെപ്റ്റംബർ 17-ന് ഷാഫിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഭാര്യയെയും മക്കളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം ഷാഫി കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പണത്തെച്ചൊല്ലിയും പ്രതിയുടെ കുടുംബത്തിന്റെ സംരക്ഷണയിലായിരുന്ന കല്യാണിയുടെ കുട്ടിയെച്ചൊല്ലിയും ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാഫി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനും കടത്താനും വേണ്ടി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് ഗോല്ലാപ്പുടിയിലെ കനാലിൽ തള്ളുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായി.
കേസിൽ ഷാഫിയുടെ സുഹൃത്തായ അബ്ദുള്ള ദുർഗ്ഗ റാവുവിനും പങ്കുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലുള്ള ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിലവിൽ ഷാഫിയുടെ ഭാര്യയുടെ സംരക്ഷണയിലുള്ള കല്യാണിയുടെ മകനെ ഐസിഡിഎസ് വകുപ്പിന് കൈമാറുന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിവരികയാണ്.




