ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയെ ഡൽഹി പൊലീസിലെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് തകർത്തു. സംഘത്തിലെ പ്രധാനിയായ പാർവതി (42), ഇവരുടെ സഹായി ബുരാരി സ്വദേശി വികാസ് കുമാർ എന്ന ഷാനു (30), രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നിന്നുള്ള പ്രധാന വിതരണക്കാരൻ സാഹബ് ഖാൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിലെ വാടകവീട്ടിലും മറ്റ് കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നും അനധികൃത പണവും മറ്റ് സ്വത്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു.
നരേല വ്യവസായിക മേഖലയിലെ പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ കുറ്റവാളികളുടെ പട്ടികയിലുള്ള പാർവതി, മുൻപും എക്സൈസ്, എൻ.ഡി.പി.എസ് നിയമങ്ങൾ പ്രകാരം 12 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റെയ്ഡിൽ 1.5 കോടിയിലധികം രൂപ വിലമതിക്കുന്ന 1.204 കിലോഗ്രാം ഹെറോയിൻ, 600 ഗ്രാം മായം ചേർക്കുന്ന പൊടി, ലഹരി വിൽപ്പനയിലൂടെ ലഭിച്ച 57 ലക്ഷത്തോളം രൂപ, 355 ഗ്രാം സ്വർണം, 161 ഗ്രാം വെള്ളി, കോടികൾ വിലമതിക്കുന്ന നാല് വസ്തുവകകളുടെ ആധാരങ്ങൾ, രണ്ട് വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിനും ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുമാണ് വികാസിനെ പാർവതി ഒപ്പം നിർത്തിയിരുന്നത്.
രാജസ്ഥാൻ പൊലീസിന്റെ സഹകരണത്തോടെയാണ് പ്രധാന വിതരണക്കാരനായ സാഹബ് ഖാനെ പിടികൂടിയതെന്നും, നഗരത്തിലെ അനധികൃത ലഹരിമാഫിയയ്ക്കെതിരായ വലിയ ഓപ്പറേഷനാണ് പൂർത്തിയാക്കിയതെന്നും ഡിസിപി ഷോഭിത് ഡി. സക്സേന അറിയിച്ചു. പാർവതിയെയും വികാസിനെയും ചോദ്യം ചെയ്തതിൽ നിന്നാണ് വിതരണക്കാരനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പ്രതാപ്ഗഢിൽ നടത്തിയ റെയ്ഡിൽ സാഹബ് ഖാനിൽ നിന്ന് 265 ഗ്രാം ‘സ്മാക്ക്’ കൂടി കണ്ടെടുത്തു. കൂടാതെ നരേലയിൽ നടത്തിയ പരിശോധനയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ലഹരിമരുന്ന് കടത്തുകാർക്കെതിരെ മാത്രമല്ല, അവരുടെ മുഴുവൻ ശൃംഖലയും തകർത്തുകൊണ്ട് ശക്തമായ നടപടികൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.




