കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പിനഗറിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുല്ലാന്തിക്കാടൻ കുഞ്ഞമ്മയാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ (66) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 28-ന് പുലർച്ചെ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടുതർക്കത്തിനിടെ കിടപ്പുമുറിയിലുണ്ടായിരുന്ന കത്തിയെടുത്ത് കുഞ്ഞമ്മയെ കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം അടുത്ത മുറിയിലേക്ക് വലിച്ചിടുകയുമായിരുന്നു. അതിനുശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച കുര്യാക്കോസ് വിവരം ഓസ്ട്രേലിയയിലുള്ള മകൻ ബേസിലിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മകന്റെ വിവരമറിയിക്കലിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തി നോക്കിയപ്പോൾ പലയിടത്തും കുത്തേറ്റ നിലയിലാണ് കുഞ്ഞമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം വീട്ടിലുണ്ടായിരുന്ന കുര്യാക്കോസിനെ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത മാനസിക സംഘർഷവും കുടുംബപ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ കുര്യാക്കോസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ നടക്കും. നാഗഞ്ചേരി പാലിയക്കുടം കുടുംബാംഗമായ കുഞ്ഞമ്മയ്ക്ക് ബേസിൽ (ഓസ്ട്രേലിയ), മെറിൻ (അയർലൻഡ്) എന്നീ രണ്ടു മക്കളാണുള്ളത്. ദീപ്തി, ജീവൻ എന്നിവരാണ് മരുമക്കൾ.




