Featured Healthy Food

പ്രണയവും ഭക്ഷണവും തമ്മിലെന്ത്? പങ്കാളിക്കൊപ്പം കഴിച്ചാൽ ‘പഞ്ചാര’ (ഷുഗർ) കുറയും ! പുതിയ പഠന റിപ്പോർട്ട് പുറത്ത്

പങ്കാളിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജറുസലേം, ഷെബ മെഡിക്കൽ സെന്റർ എന്നിവടങ്ങളിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. കുറഞ്ഞത് ഒൻപത് മാസമെങ്കിലും ഒരുമിച്ച് ജീവിച്ച 54 ദമ്പതികളിൽ നിന്നുള്ള 108 മുതിർന്ന ആളുകളിലാണ് പഠനം നടത്തിയത്.

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പങ്കാളിക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആളുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വർദ്ധനവ് കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. മാത്രമല്ല, പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് വേഗത്തിൽ താഴുകയും ചെയ്യുന്നു. പഠനത്തിന്റെ ഭാഗമായി പങ്കാളികൾക്ക് 50 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയ 102 ഗ്രാം വൈറ്റ് ബ്രെഡ് നൽകി. ഒരേ ദിവസം തന്നെ രണ്ടുതവണ ഇവർക്ക് ഈ ഭക്ഷണം നൽകി; ഒരു തവണ ഒറ്റയ്ക്കും അടുത്ത തവണ പങ്കാളിക്കൊപ്പവും.

പങ്കാളിക്കൊപ്പം ഭക്ഷണം കഴിച്ചപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിൽ മൊത്തത്തിൽ 15 ശതമാനത്തോളം കുറവുണ്ടായതായി ഗവേഷകർ നിരീക്ഷിച്ചു. ആദ്യത്തെ ഭക്ഷണത്തിന്റെ മാത്രം കണക്കെടുത്തപ്പോൾ ഈ കുറവ് 24 ശതമാനം വരെയായിരുന്നു. ഭക്ഷണസമയത്ത് ദമ്പതികൾക്ക് സംസാരിക്കാനോ സ്പർശിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതോടൊപ്പം മാനസിക സമ്മർദ്ദം അളക്കുന്നതിനുള്ള സെൻസറുകളും പങ്കെടുത്തവരിൽ ഘടിപ്പിച്ചിരുന്നു.

ശരീര താപനിലയിലും മാനസിക സമ്മർദ്ദത്തിലും പങ്കാളിയുടെ സാന്നിധ്യം അനുകൂലമായ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നും ഗവേഷകർ പരിശോധിച്ചു. തണുപ്പുള്ള മുറിയിൽ ഇരിക്കുമ്പോഴും ചെറിയ വൈദ്യുതാഘാതമേൽക്കുന്ന സാഹചര്യങ്ങളിലും പങ്കാളി കൂടെയുള്ളപ്പോൾ ശരീരത്തിന്റെ പ്രതികരണം കൂടുതൽ മെച്ചപ്പെട്ടതായിരുന്നു. മെറ്റബോളിസം, താപനില, മാനസികസമ്മർദ്ദം എന്നിവയിൽ പങ്കാളിയുടെ സാന്നിധ്യം ഒരുപോലെ ഗുണം ചെയ്യുന്നുണ്ടെന്ന് ഗവേഷകയായ ഷിർ അറ്റ്സിൽ പറഞ്ഞു.

എങ്കിലും, പങ്കാളിക്കൊപ്പം ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹത്തെ പൂർണ്ണമായി തടയാൻ സാധിക്കുമെന്ന് ഈ പഠനം അവകാശപ്പെടുന്നില്ല. ഭക്ഷണത്തിനു ശേഷമുള്ള ശരീരത്തിന്റെ താൽക്കാലിക പ്രതികരണം മാത്രമാണ് ഇവിടെ പഠനവിധേയമാക്കിയത്. പങ്കാളിയുടെ സാന്നിധ്യം ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ താൽക്കാലികമായി മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും ഈ പ്രയോജനം എത്രത്തോളം സമയം നീണ്ടുനിൽക്കുമെന്നതിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.