മുംബൈയിലെ ഒരു ഉപഭോക്താവ് മഗ്ഗി നൂഡിൽസ് പാകം ചെയ്യുന്നതിനിടെ പ്രാണികളെയും പുഴുക്കളെയും കണ്ടെത്തിയതായി പരാതിപ്പെട്ടതിനെ തുടർന്ന് നെസ്ലെ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തുടനീളം വൻതോതിൽ ഉപയോഗിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.
മുംബൈയിലെ കല്യാൺ സ്വദേശിയായ ഉപഭോക്താവാണ് മഗ്ഗി പാകം ചെയ്യുന്നതിനിടെ പ്രാണികളെ കണ്ടെത്തിയത്. പാക്കറ്റിൽ 2027 ഫെബ്രുവരി വരെയുള്ള എക്സ്പയറി ഡേറ്റ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. വാലിഡിറ്റി കാലാവധിക്കുള്ളിലുള്ള ഉൽപ്പന്നത്തിൽ എങ്ങനെ ഇത്തരത്തിൽ പ്രാണികൾ വന്നു എന്നതിനെക്കുറിച്ച് ഉയർന്ന സംശയങ്ങളാണ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നത്.
സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്കെതിരെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നടപടികൾ ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ ഇടപെട്ട് സാംപിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
എന്നാൽ, മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് തങ്ങൾ ഈ വിവരമറിഞ്ഞതെന്നും ഉപഭോക്താവോ അധികൃതരോ ഇതുവരെ തങ്ങളെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും നെസ്ലെ ഇന്ത്യ വക്താവ് അറിയിച്ചു. അതിനാൽ പരാതിയുടെ സത്യവിശ്വാസ്യതയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെ ഉൽപ്പന്ന നിർമ്മാണ ഘട്ടങ്ങളിൽ കര്ശനമായ ഗുണനിലവാര പരിശോധനകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും, റോ മെറ്റീരിയലുകൾ ശേഖരിക്കുന്നത് മുതൽ പാക്കിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ പരിശോധനകൾ ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.




