സേലം∙ തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കാറിൽ ഉപേക്ഷിച്ച കേസിൽ ഭാര്യ അറസ്റ്റിലായി. സേലം ഓമലൂർ സ്വദേശിയായ വി.ഭൂപതി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ സുജിത ശ്രീയെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. ഓമലൂർ–ശങ്കരി റോഡിലെ ആറ്റുകാർന്നൂർ സഹകരണ ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ചൊവ്വാഴ്ചയാണ് ഭൂപതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ മൂന്നംഗ മോഷണസംഘം കാർ തടഞ്ഞുനിർത്തി ഭൂപതിയെ ആക്രമിച്ചു കൊലപ്പെടുത്തുകയും തന്റെ 12 പവന്റെ സ്വർണാഭരണങ്ങൾ കവരുകയും ചെയ്തെന്നാണ് സുജിത ആദ്യം പൊലീസിന് നൽകിയ മൊഴി എന്ന് ഓമലൂർ ഇൻസ്പെക്ടർ എസ്.എം. ഷൺമുഖം പറഞ്ഞു. എന്നാൽ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തുകയും, ഭൂപതിയുടെ ബന്ധുക്കൾ സുജിതയുടെ മൊഴിയിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് അന്വേഷണം വഴിതിരിഞ്ഞത്.
ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ പൊലീസിനോട് വ്യക്തമാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രദേശവാസിയായ സന്തോഷ് രാജുമായി സുജിതയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുജിത തള്ളി താഴെയിട്ട ഭൂപതിയുടെ തലയിടിച്ച് ബോധം പോവുകയായിരുന്നു. തുടർന്ന് സുജിത സന്തോഷിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കാറിലാക്കി റോഡിൽ ഉപേക്ഷിച്ച ശേഷം കവർച്ചാ നാടകം ചമയ്ക്കുകയായിരുന്നു. കൃത്യത്തിൽ ഇവരുടെ 13 വയസ്സുള്ള മകനും പങ്കാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. സുജിതയെയും സന്തോഷിനെയും അറസ്റ്റ് ചെയ്തു.




