അസുഖബാധിതയായ അമ്മയ്ക്കുവേണ്ടിയുള്ള ഒരു മകന്റെ കഠിനമായ നേർച്ചയും അർപ്പണബോധവും ആയിരങ്ങൾക്ക് പ്രചോദനമാകുന്നു. ബിഹാറിൽ നിന്നുള്ള 19 കാരനായ മോനു മെതുർബാലയാണ് ‘ആധുനിക ശ്രവണകുമാർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയുടെ ജീവൻ രക്ഷിച്ചതിന് നന്ദി സൂചകമായി രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളും 4 ധാമുകളും സന്ദർശിക്കാനായി ഈ യുവാവ് രാജ്യത്തുടനീളം ഓടുകയാണ്. കുറച്ചുകാലം മുമ്പ് അമ്മയ്ക്ക് ഗുരുതരമായി അസുഖം ബാധിച്ചിരുന്നു. അമ്മയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച യുവാവ്, അമ്മ സുഖം പ്രാപിച്ചാൽ രാജ്യത്തെ എല്ലാ ജ്യോതിർലിംഗങ്ങളും ധാമുകളും സന്ദർശിക്കാമെന്ന് വഴിപാടു നേർന്നിരുന്നു.
ഭാഗ്യവശാൽ അമ്മ സുഖം പ്രാപിച്ചതിനെ തുടർന്ന് മോനു തന്റെ യാത്ര ആരംഭിച്ചു. 2026 മാർച്ച് 15-നാണ് അദ്ദേഹം ഈ യാത്ര തുടങ്ങിയത്. ഇതുവരെ 8,000 കിലോമീറ്ററിലധികം ദൂരം പിന്നിടുകയും അഞ്ച് ജ്യോതിർലിംഗങ്ങൾ സന്ദർശിക്കുകയും ചെയ്തു. യാത്ര വേഗത്തിലാക്കാൻ ദിവസവും ഏകദേശം 50 കിലോമീറ്ററോളം അദ്ദേഹം ഓടുന്നുണ്ട്. തന്റെ യാത്രയുടെ വിശേഷങ്ങൾ മോനു സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത് വലിയ ശ്രദ്ധയാണ് നേടുന്നത്. ബിഹാറിൽ നിന്ന് ആരംഭിച്ച് 12 ജ്യോതിർലിംഗങ്ങളും 4 ധാമുകളും സന്ദർശിക്കുന്ന ഈ തീർത്ഥാടന യാത്രയ്ക്ക് ഏവരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഈ യുവാവിന് യഥാർത്ഥ ധൈര്യമുണ്ടെന്നും അമ്മയോടുള്ള സ്നേഹവും ആരോഗ്യത്തോടുള്ള കരുതലും മറ്റുള്ളവർക്ക് മാതൃകയാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. മനുഷ്യത്വത്തിന്റെ ഉത്തമ മാതൃകയാണ് ഇതെന്നും പലരും സോഷ്യൽ മീഡിയയിലൂടെ പ്രശംസിച്ചു.




