Crime

ലൈവ് ചെയ്യാന്‍ തലയിൽ ഫോൺ ഘടിപ്പിച്ച്, കൈക്കോടാലിയുമായി അധ്യാപികയെ വെട്ടി വിദ്യാർത്ഥി! സിസിടിവി ദൃശ്യങ്ങൾ വൈറൽ

മലേഷ്യയിൽ ക്ലാസ് മുറിയിൽ അധ്യാപികയ്ക്കുനേരെ കോടാലിയുമായി ആക്രമണം നടത്തിയെന്നാരോപിച്ച് 16-കാരനായ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിനുള്ളിൽ നടന്ന ഭീതിജനകമായ സംഭവത്തിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥി തന്നെ മൊബൈൽ ഫോണിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. സരാവാക് സംസ്ഥാനത്തെ കുച്ചിങ്ങിലുള്ള ടുങ്കു പുത്ര–ഹെൽപ് ഇന്റർനാഷണൽ സ്കൂളിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.

ഒക്ടോബർ 21-ന് രാവിലെ എട്ടുമണിയോടെയാണ് സ്കൂളിൽ അക്രമസംഭവമുണ്ടായെന്ന വിവരം അടിയന്തര സേവന നമ്പറിലൂടെ പൊലീസിന് ലഭിക്കുന്നതെന്ന് സരാവാക് ആക്ടിങ് പൊലീസ് കമ്മീഷണർ സൈഫുള്ളിസാൻ ഇഷാക്ക് പറഞ്ഞു. പടക്കങ്ങളും കോടാലിയുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി അധ്യാപികയുടെ കൈയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റെങ്കിലും മുറിവുകൾ ഗുരുതരമല്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

തലയിൽ ഘടിപ്പിച്ച മൊബൈൽ ഫോൺ ക്യാമറയിലൂടെയാണ് വിദ്യാർത്ഥി ദൃശ്യങ്ങൾ തത്സമയം ചിത്രീകരിച്ചത്. കോടാലിയുമായി ക്ലാസ് മുറിയിലേക്ക് ഓടിക്കയറി അധ്യാപികയെ വെട്ടിയ ശേഷം ഇയാൾ പുറത്തേക്ക് ഓടുകയും, പിന്നീട് പിന്നിലെ വാതിലിലൂടെ തിരികെക്കയറി സഹപാഠികൾക്ക് നേരെ ആക്രമണത്തിന് മുതിരുകയുമായിരുന്നു. ഇതോടെ പരിഭ്രാന്തരായ വിദ്യാർത്ഥികൾ ക്ലാസിന് പുറത്തേക്ക് ചിതറി ഓടി.

എന്നാൽ ഇതിനിടയിൽ ധൈര്യം സംഭരിച്ച ഒരു വിദ്യാർത്ഥി അക്രമിയെ തടഞ്ഞുനിർത്തുകയും പിന്നാലെ മറ്റുള്ളവർ കൂടി എത്തി ഇയാളെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടർന്ന് സഹപാഠികൾ ഇടപെട്ട് അക്രമിയുടെ കൈയിൽ നിന്ന് കോടാലി പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.

സംഭവം വൻ വിവാദമായതോടെ മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷൻ ഇടപെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ലൈവ് വീഡിയോ പൂർണ്ണമായും നീക്കം ചെയ്തു. അപകടനകമായ ആയുധം കൈവശം വെച്ചതിനും സ്ഫോടകവസ്തു നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രാഥമികമായി കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ഇയാളെ സ്കൂളിൽ നിന്നും പുറത്താക്കിയതായി അധികൃതർ അറിയിച്ചു. ആക്രമണത്തിലേക്ക് വിദ്യാർത്ഥിയെ നയിച്ച പ്രകോപനം എന്താണെന്നതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.