Spotlight

‘മുഖ്യമന്ത്രീ, ഒരു കാര്യത്തിന് മൂന്ന് വട്ടം നടത്തിക്കാമോ?’: വി.ഡി. സതീശന്റെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പ്, ഏറ്റെടുത്ത് ട്രോളന്മാർ!

മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആലുവ ദേശത്തെ വീട്ടുപറമ്പിലേക്ക് വീണ്ടും മലമ്പാമ്പ് എത്തി. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിൻ്റെ വസതിയിൽ മലമ്പാമ്പിനെ കണ്ടെത്തുന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് പാമ്പ് ഇഴഞ്ഞുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വോളന്റിയറായ ബിനു സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി. വീടിന് തൊട്ടടുത്തായി ചെങ്ങൽത്തോട് ഒഴുകുന്നതും സമീപത്തെ പാടശേഖരവുമാണ് പാമ്പുകൾ ഇങ്ങോട്ടേക്ക് വരാൻ കാരണമെന്ന് കരുതപ്പെടുന്നു.

അതേസമയം, പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകാൻ വന്നതാണെന്നും ഒരു കാര്യത്തിനായി മൂന്നുതവണ ഇങ്ങനെയൊക്കെ നടത്തിക്കാമോ എന്നും ആളുകൾ തമാശയായി ചോദിക്കുന്നു.

പാവം പാമ്പ് മുഖ്യമന്ത്രിയുടെ വസതിയാണെന്നറിയാതെ വഴിതെറ്റി വന്നതാകാമെന്നും, വനംവകുപ്പിന് കൈമാറും മുൻപ് അതിന് പറയാനുള്ളത് കൂടി കേൾക്കണമായിരുന്നു എന്നും കമന്റുകളിൽ ആളുകൾ രസകരമായി കുറിക്കുന്നുണ്ട്.