തിരുവനന്തപുരം: ബൗദ്ധിക നിലവാരം പുലർത്തുന്ന ഹിന്ദു സംവാദകരെ കുടുക്കാൻ അകത്തും പുറത്തും ചില ദുഷ്ടശക്തികൾ നിരന്തരം ശ്രമിക്കുകയാണെന്ന കാര്യം ടി.ജി. മോഹൻദാസ് മറന്നുപോയെന്ന് ഹിന്ദുത്വ പ്രചാരകൻ വിദ്യാസാഗർ ഗുരുമൂർത്തി. വൻകിട സംഘടനകൾ അദ്ദേഹത്തെ സംരക്ഷിച്ചില്ലെന്നു മാത്രമല്ല, പൂർണ്ണമായും കൈയൊഴിഞ്ഞത് ജിഹാദികൾക്കും മറ്റു തീവ്രവിഭാഗങ്ങൾക്കും വലിയ ആവേശമുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു.
കേക്ക് സർവീസുകാർക്കിടയിൽ ടി.ജി. അനിഷ്ടനായ വ്യക്തിയാണെന്നും വിദ്യാസാഗർ ആരോപിച്ചു. മുൻകൂട്ടി നോട്ടീസ് പോലും നൽകാതെയാണ് വയോവൃദ്ധനായ ടി.ജിയെ അറസ്റ്റ് ചെയ്തതെന്നും, രാത്രി രണ്ടുമണി വരെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ പൊലീസ് കറക്കിനടന്നെന്നും അദ്ദേഹം പറഞ്ഞു. ചില പ്രത്യേക വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ ഏതറ്റം വരെയും ഈ സർക്കാർ പോകും എന്നതിന്റെ തെളിവ് ബാക്കിയുള്ളവർ ഒരു മുന്നറിയിപ്പായി കാണുന്നത് നന്നായിരിക്കുമെന്നും വിദ്യാസാഗർ മുന്നറിയിപ്പ് നൽകി.
ടി.ജി. മോഹൻദാസ് പറഞ്ഞ എല്ലാ കാര്യങ്ങളോടും തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ വിദ്യാസാഗർ ഗുരുമൂർത്തി, എന്നാൽ ഹിന്ദു സംവാദകരെ കുടുക്കാനുള്ള ദുഷ്ടശക്തികളുടെ നീക്കം അദ്ദേഹം ഓർക്കണമായിരുന്നു എന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ജന്തർമന്തറിലെ സമരക്കാരെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നു എന്നും, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ പീഡനം ഇഷ്ടപ്പെടുന്നവരാണെന്നുമുള്ള വിവാദ പരാമർശങ്ങളെത്തുടർന്നാണ് സംഘപരിവാർ സൈദ്ധാന്തികനായ ടി.ജി. മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇദ്ദേഹത്തിന് ഇന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.




