Featured Good News

ആ ഒറ്റ വാക്ക് തുമ്പായി; 10 വർഷത്തിന് ശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തി ‘കാണാതായ വയോധികൻ’, ഒന്നിപ്പിച്ച് പോലീസ്

ഡയറിയിൽ എഴുതിയ ഒരൊറ്റ വാക്ക്, ഉത്തർപ്രദേശിൽ നിന്ന് കാണാതായ വയോധികനെ പത്ത് വർഷങ്ങൾക്ക് ശേഷം കുടുംബവുമായി ഒന്നിപ്പിച്ചു. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ മജ്ഖാലി, താരിഖേത് ഭാഗങ്ങളിൽ വർഷങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന വയോധികനാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. മജ്ഖാലി പോലീസ് ഔട്ട്പോസ്റ്റ് ഇൻ-ചാർജ്ജ് ആയി ചുമതലയേറ്റ സബ് ഇൻസ്പെക്ടർ വിനോദ് ഫർത്യാലാണ് വഴിയരികിൽ കണ്ട ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ഇയാളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും ഓർമ്മക്കുറവ് മൂലം കൃത്യമായ ഉത്തരങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല. തുടർന്ന് ഉദ്യോഗസ്ഥൻ ഇയാൾക്ക് ഒരു ഡയറിയും പേനയും നൽകി എന്തെങ്കിലും ഓർമ്മയുണ്ടെങ്കിൽ എഴുതാൻ ആവശ്യപ്പെട്ടു. വയോധികൻ ഡയറിയിൽ “രാജേപൂർ” എന്ന് മാത്രമാണ് എഴുതിയത്. ഈ ഒരു സൂചന വെച്ച് പോലീസ് അന്വേഷണം നടത്തുകയും ഉത്തർപ്രദേശിലെ ഫറൂഖാബാദിലുള്ള രാജേപൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്തു. വയോധികന്റെ ചിത്രവും വിവരങ്ങളും കൈമാറി നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാൾ ശ്യാം സിംഗ് ആണെന്ന് തിരിച്ചറിഞ്ഞു.

തുടർന്ന് ശ്യാം സിംഗിന്റെ മകനും ബന്ധുക്കളും ഉത്തർപ്രദേശിൽ നിന്ന് ഉത്തരാഖണ്ഡിലെത്തി 10 വർഷങ്ങൾക്ക് ശേഷം ഇയാളെ ഏറ്റുവാങ്ങി. മാനസികാസ്വാസ്ഥ്യം മൂലം ഏകദേശം പത്ത് വർഷം മുമ്പാണ് ഇയാൾ വീടുവിട്ടിറങ്ങിയതെന്നും, ഏറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാതെ പ്രതീക്ഷ കൈവിട്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഈ വൈകാരിക നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ, വയോധികനെ കുടുംബവുമായി ഒന്നിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ വിനോദ് ഫർത്യാലിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.