സ്പാനിഷ് യുവതാരം ലമീൻ യമാലും കാമുകി ഇനസ് ഗാർസിയ സാന്റോസും വേർപിരിയുകയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കൊളംബിയയിൽ മറ്റൊരു പെൺകുട്ടിയോടൊപ്പമുള്ള യമാലിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇനസ് പങ്കുവെച്ച വീഡിയോയാണ് ആരാധകർക്കിടയിൽ സംശയത്തിന് വഴിതുറന്നത്. തന്റെ മുൻ കാമുകനെ മിസ് ചെയ്യുന്നുവെന്നും ബന്ധം കൈകാര്യം ചെയ്ത രീതിയിൽ വലിയ ദുഃഖമുണ്ടെന്നുമാണ് ഇനസ് ഈ വീഡിയോയിലൂടെ തുറന്നുപറഞ്ഞത്.
തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഇപ്പോൾ തന്നെ വ്യക്തമാക്കണമെന്ന് പറഞ്ഞാണ് ഇനസ് വീഡിയോ ആരംഭിക്കുന്നത്. യമാലിനൊപ്പം ജീവിക്കുന്നത് സമാധാനവും ആഗ്രഹിച്ച എല്ലാ സമ്പത്തും നൽകുമെന്ന് കരുതിയാണ് മുൻ പങ്കാളിയെ ഉപേക്ഷിച്ചു പോന്നതെന്നും ഇനസ് വെളിപ്പെടുത്തുന്നു. തർക്കങ്ങളോ പിരിമുറുക്കങ്ങളോ ഇല്ലാതെ ആഡംബരവും സന്തോഷവും നിറഞ്ഞ സുഖകരമായ ജീവിതമായിരിക്കും ഇതെന്നാണ് താൻ കരുതിയത്. എന്നാൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും അവൻ എന്നെ വഞ്ചിച്ചെന്നും ഇനസ് പറയുന്നു. മറ്റുള്ളവരെപ്പോലെ തന്നെയാണ് അവനുമെന്നും വ്യത്യസ്തനാണെന്ന തന്റെ ധാരണ തെറ്റായിരുന്നുവെന്നും ഇനസ് കൂട്ടിച്ചേർക്കുന്നു.
തന്റെ പ്രവർത്തികളെക്കുറിച്ച് ഓർത്ത് പശ്ചാത്തപിക്കുകയാണെന്നും പഴയ കാമുകനെ വല്ലാതെ ഓർക്കുന്നുണ്ടെന്നും അത് വലിയ വേദനയുണ്ടാക്കുന്നുണ്ടെന്നും ഇനസ് വ്യക്തമാക്കി. അവൻ എത്രത്തോളം വിശ്വസ്തനായിരുന്നുവെന്നും തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും ഇപ്പോൾ ചിന്തിക്കുകയാണ്. ഒരു കാര്യവുമില്ലാത്ത ഒന്നിനുവേണ്ടിയാണ് അതെല്ലാം വലിച്ചെറിഞ്ഞതെന്നും ഇനസ് പറയുന്നു. കഴിഞ്ഞ ദിവസം മുൻ കാമുകന് മെസ്സേജ് അയച്ച് മാപ്പ് ചോദിച്ചതായും, ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ഇതെന്നും പഴയതുപോലെ ഒന്നിക്കണമെന്നും അഭ്യർത്ഥിച്ചതായി അവർ വെളിപ്പെടുത്തി. അവൻ തന്നോട് ക്ഷമിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്നും ഇനസ് കൂട്ടിച്ചേർക്കുന്നു.
ഇനസിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറിയിട്ടുണ്ട്. യമാലുമായുള്ള ബന്ധം പൂർണ്ണമായും വേർപിരിയലിലേക്ക് നീങ്ങുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. അതേസമയം, പുറത്തുവന്ന ഈ വീഡിയോയെക്കുറിച്ചോ ഉയർന്നുവരുന്ന ഊഹാപോഹങ്ങളെക്കുറിച്ചോ ലമീൻ യമാൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




