പട്ന (ബിഹാർ): സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനായ കാമുകനെ തേടി 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തി യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് കോൺസ്റ്റബിളായ അങ്കേഷ് കുമാറിനെ (28) കാണാനാണ് സമസ്തിപൂരിൽ നിന്നും പൂജാകുമാരി (24) എത്തിയത്.
ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ജോലി കിട്ടിയതോടെ കാമുകൻ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതേതുടർന്നാണ് യുവതി ഇത്രയും ദൂരം താണ്ടിയെത്തി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്.
പൂജാകുമാരി എത്തുമ്പോൾ അംബയിലെ എക്സൈസ് വകുപ്പിന്റെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു അങ്കേഷ് കുമാർ. അവിടെവച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇതുകണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് അംബ പോലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി.
പോലീസിന്റെ ചോദ്യം ചെയ്യലിൽ പൂജാകുമാരി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥർ ഇരുകൂട്ടരുടെയും വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാർ വിവാഹത്തിന് സമ്മതം അറിയിച്ചതോടെ അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ നടത്താൻ തീരുമാനമായി. പൂജയും അങ്കേഷും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു.




