പാലത്തിന്റെ അരികിലൂടെ അപകടകരമായ രീതിയിൽ കുഞ്ഞ് ഇഴഞ്ഞുനീങ്ങുമ്പോൾ, അത് ശ്രദ്ധിക്കാതെ റീൽസ് ചിത്രീകരിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. എക്സിലും ഇൻസ്റ്റാഗ്രാമിലും പ്രചരിക്കുന്ന ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, ചെറിയൊരു ശ്രദ്ധക്കുറവ് പോലും എത്രത്തോളം അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കാമെന്ന് വ്യക്തമാക്കുന്നു.
വീഡിയോയിൽ യുവതി ക്യാമറയ്ക്ക് മുന്നിൽ റീൽ ചിത്രീകരിക്കുന്ന തിരക്കിലാണ്. എന്നാൽ ഇവർക്ക് പുറകിലായി ഒരു കുഞ്ഞ് പാലത്തിലൂടെ ഇഴഞ്ഞ് ഇതിന്റെ അപകടകരമായ അരികിലേക്ക് നീങ്ങുന്നത് കാണാം. കുഞ്ഞ് വലിയൊരു അപകടത്തിന് തൊട്ടടുത്തെത്തിയ നിമിഷത്തിലാണ് സമീപത്തുണ്ടായിരുന്ന ഒരു വ്യക്തി ഇത് ശ്രദ്ധിക്കുന്നത്. ഇയാൾ വേഗത്തിൽ ഓടിയെത്തി കുഞ്ഞിനെ കോരിയെടുത്ത് അരികിൽ നിന്ന് മാറ്റുകയായിരുന്നു. ഇയാളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്.
വീഡിയോ പുറത്തുവന്നതോടെ കടുത്ത അമർഷവും ഞെട്ടലുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സ്വന്തം കുഞ്ഞിനെ ശ്രദ്ധിക്കുന്നതിനേക്കാൾ റീൽസ് ചിത്രീകരണത്തിന് പ്രാധാന്യം നൽകിയ യുവതിക്കെതിരെ രൂക്ഷവിമർശനമാണ് നെറ്റിസൺസ് ഉന്നയിക്കുന്നത്. ചെറിയ കുട്ടികളുടെ കാര്യത്തിൽ നിമിഷനേരത്തെ ശ്രദ്ധക്കുറവ് പോലും വലിയ അപകടങ്ങൾ വരുത്തിവെക്കുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. പാലങ്ങൾ, റോഡുകൾ, ബാൽക്കണികൾ, പടവുകൾ, ജലാശയങ്ങൾ തുടങ്ങിയ പൊതുയിടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് വഴിവെച്ചു.
കുറച്ചു ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടി സ്വന്തം കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുതെന്ന് ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സംഭവം നടന്ന സ്ഥലം, തീയതി, അല്ലെങ്കിൽ ഈ വീഡിയോയുടെ മറ്റ് പശ്ചാത്തലങ്ങൾ എന്നിവ സംബന്ധിച്ച് സ്വതന്ത്രമായ സ്ഥിരീകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.




