Featured Lifestyle

അതാണ് ആ രഹസ്യം’: 111-ാം വയസ്സിലും ഊർജ്ജസ്വലയായി വയോധിക; നീണാൾ ആയുസ്സിന്റെ രഹസ്യം പങ്കുവെച്ച് വയോധിക

കിഴക്കൻ ചൈനയിലെ 111 വയസ്സുള്ള വയോധിക, തന്റെ അത്ഭുതകരമായ ആയുസ്സിനും ആരോഗ്യത്തിനും പിന്നിലെ ലളിതമായ ശീലങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഏറ്റവും കൂടുതൽ ശതാബ്ദികൾ (100 വയസ്സ് കഴിഞ്ഞവർ) ജീവിക്കുന്ന പ്രദേശമായി അറിയപ്പെടുന്ന ജിയാങ്സു പ്രവിശ്യയിലെ റുഗാവോയിലാണ് വാങ് ഗൈയിംഗ് താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മേഖലയിൽ നൂറിലധികം വയസ്സുള്ള 672 പേരുണ്ടെന്നാണ് കണക്ക്. റുഗാവോയിലെ പോഷകസമൃദ്ധമായ മണ്ണും അവിടെ വിളയുന്ന മിനറലുകൾ നിറഞ്ഞ ധാന്യങ്ങളുമാണ് ഇവിടുത്തുകാരുടെ ദീർഘായുസ്സിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

അഞ്ചു തലമുറകൾ ഒന്നിച്ച് കഴിയുന്ന വലിയൊരു കുടുംബത്തിലാണ് വാങ് ജീവിക്കുന്നത്. നൂറ് വയസ്സ് കഴിഞ്ഞിട്ടും കൃഷിയിടങ്ങളിൽ പ നിലക്കടലയും തണ്ണിമത്തനും വിളവെടുക്കാൻ ഇവർ സഹായിച്ചിരുന്നു. പ്രായമായതോടെ ജോലിഭാരം കുറച്ചെങ്കിലും മാനസികമായി ഇന്നും ഇവർ വളരെ ചുറുചുറുക്കുള്ളവളാണ്. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ തുടയ്ക്കുന്നതും വസ്ത്രങ്ങൾ മടക്കിവെക്കുന്നതുമടക്കമുള്ള ചെറിയ വീട്ടുജോലികൾ ഇന്നും വാങ് തന്നെ ചെയ്യുന്നു. ശരീരത്തിന് ഇളക്കം നൽകുന്ന ഇത്തരം കൊച്ചു ജോലികൾ ഒരു വ്യായാമമായിട്ടാണ് അവർ കാണുന്നത്.

ഭക്ഷണക്കാര്യത്തിൽ ലളിതമായ രീതിയാണ് വാങ് പിന്തുടരുന്നത്. മീൻ കഴിക്കാനാണ് ഇവർക്ക് കൂടുതൽ ഇഷ്ടം. അമിതമായി ഭക്ഷണം കഴിക്കാതെ, എല്ലാതരം ഭക്ഷണങ്ങളും മിതമായ അളവിൽ കഴിക്കുക എന്നതാണ് ഇവരുടെ ശൈലി. പൂർണ്ണമായി ഭക്ഷണം കഴിക്കുന്നതിനൊപ്പം നല്ല ചിന്തകളും സത്പ്രവൃത്തികളും ദീർഘായുസ്സിന് അത്യാവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു. ദിവസവും ആരോടെങ്കിലും ഒരു നല്ല കാര്യം ചെയ്യുകയോ നല്ല വാക്ക് പറയുകയോ വേണമെന്നാണ് ഇവരുടെ നിലപാട്.

ദേഷ്യപ്പെടുകയോ അനാവശ്യ കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്യാത്ത ശാന്തമായ സ്വഭാവമാണ് ഇവരുടേത്. എന്തെങ്കിലും തർക്കങ്ങളോ വിഷമങ്ങളോ ഉണ്ടായാൽ ഉറങ്ങി അത് മറക്കുകയാണ് ഇവർ ചെയ്യുന്നത്. രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെ തുടർച്ചയായി 12 മണിക്കൂർ ഉറങ്ങുന്ന വാങ്, പകൽ സമയത്തും ചെറുതായി ഉറങ്ങാറുണ്ട്. ഈ ലളിതമായ ജീവിതശൈലിയാണ് 111-ാം വയസ്സിലും ഇവരെ ഊർജ്ജസ്വലയായി നിലനിർത്തുന്നത്.