Spotlight

‘മെയിന്‍ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തിയത് പോലെ ‘! അടൂര്‍പ്രകാശിനെതിരെ ബിആര്‍എം ഷഫീര്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി ബി.ആർ.എം. ഷഫീർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷഫീർ തന്റെ പ്രതികരണം അറിയിച്ചത്. ശരിയായ ദിശയിൽ അതിവേഗത്തിൽ പറക്കുന്ന വിമാനത്തിലെ പ്രധാന പൈലറ്റിനെ, കൂടെയിരിക്കുന്ന സഹപൈലറ്റ് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചതു പോലെയായിരുന്നു അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം എന്നായിരുന്നു ഷഫീറിന്റെ ഉപമ.

ഷഫീറിന്റെ ഈ കുറിപ്പിന് താഴെ നിരവധി കോൺഗ്രസ് അനുകൂലികളുടെ കമന്റുകളും വരുന്നുണ്ട്. അടൂർ പ്രകാശിന് മന്ത്രിയാകാൻ കഴിയാത്തതിന്റെ വിഷമമാണെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇത്തരത്തിൽ ന്യായീകരിക്കരുതെന്ന് മറ്റ് ചിലരും കമന്റ് ചെയ്യുന്നു. ഈ ഘട്ടത്തിൽ വാർത്താസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോൺഗ്രസിനെ ഇത്തരത്തിൽ പ്രതിരോധത്തിലാക്കുന്നത് ശരിയല്ലെന്നും പലരും ചൂണ്ടിക്കാട്ടി.

അതേസമയം, താൻ ഉന്നയിച്ച വിമർശനങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും വിവരങ്ങൾ എ.ഐ.സി.സി.യെ അറിയിക്കുമെന്നും അടൂർ പ്രകാശ് ഇന്നും വ്യക്തമാക്കി. മുന്നണി കൺവീനറായ താനൊന്നും അറിയുന്നില്ലെന്നും കാബിനറ്റ് നിയമനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിലെ ആരോപണം. എന്നാൽ മുന്നണിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന അഭിപ്രായം തനിക്കില്ലെന്ന് കെ. മുരളീധരനും, പാർട്ടിയിൽ പറയേണ്ട കാര്യങ്ങളാണ് പുറത്ത് പറയുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താനും പ്രതികരിച്ചു. നിലവിലെ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജനങ്ങൾ വലിയ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സർക്കാരാണിതെന്നുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അഭിപ്രായം.