പത്തനംതിട്ടയില്‍ പൊതുയോഗത്തിനിടെ സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരോട് കയര്‍ത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്. ഇന്നലെയായിരുന്നു സംഭവം . വേദിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞതോടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ ശാന്തരാക്കാനും നിയന്ത്രിക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ മൈക്കിന് മുന്നില്‍ നിന്ന മുഖ്യമന്ത്രി മൈക്ക് ഓഫാക്കിയ ശേഷം, ‘കോമണ്‍സെന്‍സില്ലേ മാറി നില്ക്ക്’ എന്ന് പറയുകയായിരുന്നു. കൈ കൊണ്ട് ആളുകളോട് മാറാന്‍ ആംഗ്യം കാണിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗിച്ച മുഖ്യമന്ത്രി പക്ഷേ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടങ്ങുകയാണ് ചെയ്തത്.
തനിക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചതിലും യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനങ്ങള്‍ നിയോഗിച്ചതിലും മുഖ്യമന്ത്രി നേരത്തെയും അതൃപ്തി അറിയിച്ചിട്ടുണ്ടായിരുന്നു. മുന്‍കാലങ്ങളിലേതു പോലെ തനിക്ക് എസ്കോര്‍ട്ടും പൈലറ്റ് വാഹനങ്ങളും വേണ്ടെന്നായിരുന്നു അധികാരമേറ്റെടുത്തതിന് പിന്നാലെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സുരക്ഷ കൂട്ടണമെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
അതേസമയം, വി.ഡി. സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ യുഡിഎഫ് അറിയുന്നില്ലെന്നും തന്നോട് ഒന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും അടൂര്‍ പ്രകാശ് ആരോപിക്കുകയുണ്ടായി. ഏകപക്ഷീയമായാണ് വി.ഡി. സതീശന് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന വാദത്തിന് സംസ്ഥാന–ദേശീയ നേതൃത്വങ്ങളില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് ഇത്തരം പരസ്യ പ്രതികരണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്കെതിരെ താന്‍ നടത്തിയ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും കാര്യങ്ങള്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് ഇന്നും ആവര്‍ത്തിച്ചു. വി.ഡി. സതീശന്റെ ശൈലിയില്‍ മാറ്റമുണ്ടായോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




