Oddly News

ഡ്രഗ് മാഫിയയെ വിറപ്പിക്കുന്ന വീരൻ! സൈന്യത്തിന്റെ ഹീറോയായി 13 മാസം പ്രായമുള്ള നായ ‘കമാൻഡോ’

മെക്സിക്കോയുടെ നാഷണൽ ഗാർഡിന് ഇപ്പോൾ ഒരു പുതിയ കുട്ടി പടയാളിയുണ്ട്. സാധാരണയായി കണ്ടുവരുന്ന വേട്ടനായ്ക്കളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഈ കൊച്ചുമിടുക്കന്റെ പേര് കമാൻഡോ എന്നാണ്. വെറും 7 കിലോഗ്രാം ഭാരവും 21 സെന്റീമീറ്റർ ഉയരവുമുള്ള 13 മാസം പ്രായമുള്ള ഒരു ചിഹ്വാവാ (Chihuahua) ഇനത്തിൽപ്പെട്ട നായയാണിത്. കുഞ്ഞനാണെങ്കിലും, തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി പരിശീലനം നേടുന്ന കമാൻഡോ ഇതിനോടകം തന്നെ മെക്സിക്കൻ നാഷണൽ ഗാർഡിന്റെ പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു.

ദ മെട്രോയുടെ റിപ്പോർട്ട് പ്രകാരം, മുൻപ് വളർത്തിയിരുന്ന വയോധികരായ ഉടമസ്ഥർക്ക് പരിചരിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് ആറുമാസം മുമ്പാണ് കമാൻഡോയെ നാഷണൽ ഗാർഡ് ദത്തെടുത്തത്. തുടർന്ന് സേനയുടെ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാക്കുകയായിരുന്നു. ജർമ്മൻ ഷെപ്പേർഡുകളും ലാബ്രഡോറുകളും അടങ്ങുന്ന 350 ഓളം നായ്ക്കളുള്ള സേനയിൽ കമാൻഡോ തികച്ചും വ്യത്യസ്തനാണ്. സുരക്ഷാ ജാക്കറ്റ്, കണ്ണ് സംരക്ഷിക്കാനുള്ള ഗ്ലാസുകൾ, ഹെൽമെറ്റ്, ചെറിയ ക്യാമറ എന്നിവയടങ്ങിയ പ്രത്യേക യൂണിഫോമും ഈ കുഞ്ഞൻ പടയാളിക്ക് നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 16-ന് മെക്സിക്കോ സിറ്റിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ഉദ്യോഗസ്ഥർക്കൊപ്പം പങ്കെടുത്തതോടെ കമാൻഡോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. വലിയ നായ്ക്കൾക്കൊപ്പം പടവുകൾ കയറിയും തടസ്സങ്ങൾ മറികടന്നും കമാൻഡോ കഠിന പരിശീലനം നേടുന്നുണ്ട്. ഇന്റർനെറ്റിൽ കമാൻഡോയെക്കുറിച്ചുള്ള മീമുകളും ആനിമേഷനുകളും വൻതോതിൽ പ്രചരിക്കുന്നുണ്ട്.

കമാൻഡോയെ കണ്ട് മെക്സിക്കോയിലെ ലഹരിമാഫിയ സംഘങ്ങൾ ഭയന്നോടുന്നു എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അതിൽ വസ്തുതയില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജനങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമാണ് കമാൻഡോയെ പ്രധാനമായും ഉപയോഗിക്കുന്നത്. വലിയ നായ്ക്കൾക്ക് മാത്രമേ സേനയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയൂ എന്ന ധാരണ തിരുത്തിക്കുറിക്കുകയാണ് കമാൻഡോയെന്ന് ലെഫ്റ്റനന്റ് ഡെബോറ ഹെർണാണ്ടസ് പറഞ്ഞു.