Oddly News

ഭർത്താവാകാൻ താല്പര്യമുണ്ടോ? ഈ ഗൂഗിൾ ഫോം പൂരിപ്പിക്കൂ!’; യുവതിയുടെ വ്യത്യസ്തമായ ‘ഭർത്താവ് അപേക്ഷ’ സോഷ്യൽ മീഡിയയിൽ വൈറൽ

ജീവിതപങ്കാളിയെ കണ്ടെത്താനായി വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്ത അമേരിക്കക്കാരിയായ ആറിൻ പാറ്റേൺസൺ എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു ഗൂഗിൾ ഫോം വഴി വിശദമായ “ഭർത്താവിനുള്ള അപേക്ഷാ ഫോം” തയ്യാറാക്കി ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഏറെ കൗതുകം ഉണർത്തിയ ഈ ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ 240-ലധികം ആളുകൾ അപേക്ഷ പൂരിപ്പിച്ചു നൽകുകയും ചെയ്തു.

സാധാരണ ഡേറ്റിംഗ് ആപ്പുകൾ പലപ്പോഴും സമയനഷ്ടമുണ്ടാക്കുന്നതിനാലാണ് ഗൗരവമുള്ള ബന്ധങ്ങൾ മാത്രം ആഗ്രഹിക്കുന്നവരെ കണ്ടെത്താൻ ഇത്തരമൊരു ഫോം തയ്യാറാക്കിയതെന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റ് സ്വദേശിയായ ഈ 36-കാരി വ്യക്തമാക്കുന്നു. “സുന്ദരനും ബുദ്ധിമാനും ദയാലുവും വിശ്വസ്തനുമായ ഒരാളെയാണ് ഞാൻ തിരയുന്നത്. ഒരുമിച്ച് കാപ്പി കുടിക്കാനും അത്താഴം കഴിക്കാനും നല്ല കാര്യങ്ങൾ സംസാരിക്കാനും ആഗ്രഹിക്കുന്ന ആളായിരിക്കണം,” ആറിൻ അപേക്ഷാ ഫോമിൽ കുറിച്ചു.

ജീവിതരീതിയെക്കുറിച്ചും ബന്ധങ്ങളിലെ ലക്ഷ്യങ്ങളെക്കുറിച്ചും കൃത്യമായ ചോദ്യങ്ങളാണ് ഫോമിൽ ഉൾപ്പെടുത്തിയിരുന്നത്. തൊഴിൽപരമായ ലക്ഷ്യങ്ങൾ, ദിനചര്യകൾ, വ്യക്തിപരമായ ശീലങ്ങൾ, വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, കുടുംബജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയെല്ലാം ഫോമിൽ ചോദിച്ചിരുന്നു. അപേക്ഷകർക്ക് തങ്ങളുടെ പ്രതീക്ഷകളും നിലപാടുകളും പങ്കുവെക്കാനും ഇതിൽ സൗകര്യമൊരുക്കിയിരുന്നു. പങ്കാളിയെ കണ്ടെത്താൻ തനിക്ക് അറിയാവുന്ന വഴികളെല്ലാം നോക്കിയ ശേഷമാണ് ഒടുവിൽ ഇത്തരമൊരു മാർഗ്ഗത്തിലേക്ക് എത്തിയതെന്ന് ഇവർ പറയുന്നു.

ഈ വേറിട്ട പരീക്ഷണം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അനുകൂലിച്ചും പ്രശംസിച്ചും നിരവധിയാളുകൾ രംഗത്തെത്തി. ഇത് വളരെ ധീരവും വ്യത്യസ്തവുമായ ആശയമാണെന്നും, ഇതിന്റെ ഫലം എന്തായെന്ന് അറിയിക്കണമെന്നും ഒരാൾ കമന്റ് ചെയ്തപ്പോൾ, സ്‌നേഹമുള്ളതും സംരക്ഷണം നൽകുന്നതുമായ ഒരു നല്ല പങ്കാളിയെത്തന്നെ ലഭിക്കട്ടെ എന്ന് മറ്റൊരാൾ ആശംസിച്ചു. താനും ഈ വഴി പരീക്ഷിക്കാൻ പോവുകയാണെന്ന് മൂന്നാമതൊരാൾ കുറിച്ചപ്പോൾ, സ്വന്തം ആവശ്യങ്ങളിൽ ഇത്രയധികം തുറന്നുപറച്ചിൽ നടത്തുന്ന ഇത്തരമൊരു സ്ത്രീയെ പങ്കാളിയായി ലഭിക്കുന്നത് ഏതൊരു പുരുഷന്റെയും ഭാഗ്യമാണെന്നായിരുന്നു വേറൊരാളുടെ പ്രതികരണം.