വിമാനയാത്രയ്ക്കിടെയുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സീറ്റിൽ ടേപ്പ് ഉപയോഗിച്ച് കെട്ടിയിടപ്പെട്ടയാൾ സംഭവത്തെക്കുറിച്ച് തനിക്കൊന്നും ഓർമ്മയില്ലെന്ന് വെളിപ്പെടുത്തി. സെപ്റ്റംബർ 3-ന് ഡാളസിൽ നിന്ന് നെവാർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്ത 67-കാരനായ ലെയ്ൻ ആർതർ ലൻഡീനാണ് വിമാനത്തിൽ അക്രമം കാണിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ലൻഡീൻ വലിയ രീതിയിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് വിമാനം ബാൾട്ടിമോർ/വാഷിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിടുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ സീറ്റിൽ ഡക്ട് ടേപ്പും സിപ്പ് ടൈകളും ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അറസ്റ്റിലായ ഇയാൾക്കെതിരെ ശാരീരിക ആക്രമണം, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ രണ്ട് ഗ്ലാസ് മദ്യം കഴിച്ചിരുന്നുവെന്നും അതിനുശേഷം നടന്നതൊന്നും ഓർക്കുന്നില്ലെന്നും ലൻഡീൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ “എനിക്കൊന്നും ഓർമ്മയില്ല” എന്നാണ് ഇയാൾ മറുപടി നൽകിയത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ താൻ ആക്രമിച്ചുവെന്ന് കേട്ടപ്പോൾ അയാൾ അദ്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.
യാത്രയ്ക്കിടെ ഇയാളുടെ പെരുമാറ്റം പെട്ടെന്ന് മാറുകയായിരുന്നെന്ന് സഹയാത്രികർ പറയുന്നു. ഇയാൾ അസഭ്യം പറയുകയും വംശീയമായ അധിക്ഷേപങ്ങൾ നടത്തുകയും പിന്നീട് മറ്റുള്ളവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ ആരോപിച്ചു. പ്രശ്നം രൂക്ഷമായതോടെ രണ്ട് യാത്രക്കാർ ചേർന്നാണ് ലൻഡീനെ കീഴ്പ്പെടുത്തിയത്. വിമാനം ലാൻഡ് ചെയ്യുന്നത് വരെ ഇയാളെ സീറ്റിൽ കെട്ടിയിടാൻ വിമാന ജീവനക്കാർ ഡക്ട് ടേപ്പും സിപ്പ് ടൈകളും നൽകുകയായിരുന്നു. വളരെ ശാന്തനായിരുന്ന ഇയാൾ പെട്ടെന്ന് സ്വിച്ച് ഇട്ടതുപോലെയാണ് ആക്രമണകാരിയായതെന്നാണ് ഒരു യാത്രക്കാരൻ പ്രതികരിച്ചത്.
ബാൾട്ടിമോറിൽ വിമാനം ഇറങ്ങിയ ശേഷം കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് വിട്ടയച്ചെങ്കിലും കേസ് തുടരുകയാണ്. ഈ സംഭവം ലൻഡീന്റെ തൊഴിലിനെയും ബാധിച്ചിട്ടുണ്ട്. ഇയാൾ ജോലി ചെയ്തിരുന്ന അരിസോണയിലെ റിയൽ എസ്റ്റേറ്റ് കമ്പനി സംഭവത്തിന് ശേഷം ലൻഡീനുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഒക്ടോബർ 19-നാണ് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടത്.




