Oddly News

തുപ്പിയാൽ 500 രൂപ പിഴ; എന്നിട്ടും മുംബൈ മെട്രോയിൽ ‘സ്പിറ്റ് ബിനുകൾ’! റെയിൽവേയുടെ നടപടിയിൽ വൻ സോഷ്യൽ മീഡിയ ചർച്ച

മുംബൈ മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള “ടച്ച്‌ലെസ് സ്പിറ്റ് ബിന്നിന്റെ” (തൊടാതെ ഉപയോഗിക്കാവുന്ന തുപ്പൽ തൊട്ടി) ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടതിനെ തുടർന്ന് പൗരബോധത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് തുടക്കമായി. ചിത്രം വ്യക്തമാക്കുന്നത് പോലെ, കൈകൾ കൊണ്ട് തൊടാതെ ഉപയോഗിക്കാവുന്ന ഈ ബിൻ തുപ്പലിലെ വൈറസുകളെ പത്ത് സെക്കൻഡിനുള്ളിൽ നശിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്.

‘ഈസിസ്പിറ്റ്’ (Ezyspit) എന്ന കമ്പനി നിർമ്മിച്ച ഈ സൗകര്യം “ലോകത്തിലെ ആദ്യത്തെ നിശ്ചിത തുപ്പൽ കേന്ദ്രം” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുംബൈ മെട്രോയുടെ ലോഗോയ്ക്കും “ഉത്തരവാദിത്തമുള്ളവരാകൂ” എന്ന സന്ദേശത്തിനും സമീപമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. “എന്റെ മുംബൈ മെട്രോ, ഇപ്പോൾ പ്രത്യേക തുപ്പൽ കേന്ദ്രങ്ങളോടെ” എന്ന കുറിപ്പോടെ പ്രദേശിക പ്രവർത്തകനായ സോറു ഭട്ടേനയാണ് എക്സിൽ (ട്വിറ്റർ) ഈ ചിത്രം പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് വൈറലായ ഈ പോസ്റ്റ് നൂറുകണക്കിന് ആളുകളാണ് കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തത്.

മുംബൈ മെട്രോ പരിസരത്ത് തുപ്പുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതും 500 രൂപ പിഴ ഈടാക്കുന്നതുമായ സാഹചര്യത്തിലാണ് ഈ പോസ്റ്റ് ചർച്ചയായത്. തുപ്പുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണെങ്കിൽ, പിന്നെ എന്തിനാണ് ഇതിനായി പ്രത്യേക ബിൻ സ്ഥാപിക്കുന്നതെന്ന് കമന്റ് ബോക്സിൽ നിരവധിയാളുകൾ ചോദ്യമുയർത്തി.

“തുപ്പുന്നവരുടെ മുഖത്താണോ ഇനി തുപ്പേണ്ടത്?” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “പൊതു ശൗചാലയങ്ങൾ നിർമ്മിച്ച് നൽകുന്നില്ല, എന്നാൽ ശുചിത്വമില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

“എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്… എന്താണ് ഇവർ പ്രോത്സാഹിപ്പിക്കുന്നത്? ചുറ്റും നടക്കുന്നത് എന്താണെന്ന് സാധാരണക്കാർക്ക് മനസ്സിലാകുന്നില്ല,” എന്നായിരുന്നു മൂന്നാമതൊരാളുടെ പ്രതികരണം.

“എന്നാൽ സ്റ്റേഷനുകളിലെ ശൗചാലയങ്ങളിൽ നിന്ന് ഹാൻഡ് ഡ്രയർ മെഷീനുകൾ ഇവർ നീക്കം ചെയ്തിട്ടുണ്ട്. ജീവനക്കാർ നിലം ഉണക്കാനും വസ്ത്രങ്ങൾ ഉണക്കാനും അത് ഉപയോഗിക്കുന്നു എന്ന കാരണത്താലാണ് അവ മാറ്റിയത്. ദാദർ മെട്രോ, മാഹിം സ്റ്റേഷനുകളിൽ ഇതിന് ഉദാഹരണമാണ്,” എന്ന് മുംബൈ മെട്രോയിലെ മറ്റ് പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നാലാമതൊരാൾ കുറിച്ചു.