കൊളംബിയയിലെ അർമേനിയ നഗരത്തിൽ, 67 കാരിയായ മിര്യാം എല്ലാ ദിവസവും രാവിലെ തന്റെ വീടിന്റെ പൂമുഖത്ത് ഒരു നോട്ട്ബുക്കുമായി ഇരിപ്പുറപ്പിക്കും. ഒറ്റനോട്ടത്തിൽ വാർധക്യകാലത്തെ ഒരു വിശ്രമ വിനോദമെന്ന് തോന്നാമെങ്കിലും, സംഗതി അതല്ല. അയൽപക്കത്തെ ഓരോ ചലനങ്ങളും, സംഭാഷണങ്ങളും, തർക്കങ്ങളും വിടാതെ കുറിച്ചുവയ്ക്കുന്ന ഒരു ‘പ്രഫഷനൽ ഗോസിപ്പർ’ ആണ് മിര്യാം. ഗോസിപ്പുകൾ കേവലം വർത്തമാനങ്ങളല്ല, മറിച്ച് അതിവേഗം പണമാക്കി മാറ്റാൻ കഴിയുന്ന ലാഭകരമായ ഒരു വരുമാന മാർഗമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് ഈ 67കാരി.
മിര്യമിന്റെ വിവരശേഖരണം തികച്ചും കൃത്യതയുള്ളതാണ്. തെരുവിലൂടെ നടക്കുന്ന ഓരോ വ്യക്തിയുടെയും ചലനങ്ങൾ നിരീക്ഷിക്കുകയും, താമസക്കാരുമായി ആത്മാർഥമായി സംസാരിച്ച് വിവരങ്ങൾ ചോർത്തിയെടുക്കുകയുമാണ് ഇവരുടെ പ്രധാന രീതി. കുടുംബ തർക്കങ്ങൾ, രഹസ്യ പ്രണയങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയെല്ലാം തീയതിയും സമയവും ആളുകളുടെ പേരുകളും സഹിതം നോട്ട്ബുക്കിൽ ഇടംപിടിക്കും. ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ തെളിവുകൾക്കായി ചിത്രങ്ങൾ പകർത്തിവയ്ക്കാനും ഇവർ മടിക്കാറില്ല. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങൾ അറിയാനുള്ള മനുഷ്യരുടെ ജിജ്ഞാസയെയാണ് മിര്യാം തന്റെ പ്രധാന ബിസിനസാക്കി മാറ്റിയത്. തന്റെ പക്കലുള്ള ഈ വലിയ രഹസ്യശേഖരം സൗജന്യമായി പങ്കുവയ്ക്കുന്നതിന് പകരം, അതിന് നിശ്ചിത തുക ഈടാക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.
ലഭ്യമാകുന്ന വിവരത്തിന്റെ തീവ്രതയ്ക്കും വ്യാപ്തിക്കുമനുസരിച്ചാണ് മിര്യാം പണം ഈടാക്കുന്നത്. സാധാരണ ഗോസിപ്പുകൾക്ക് 5,000 മുതൽ 10,000 വരെ കൊളംബിയൻ പെസോകൾ (ഏകദേശം 1.5 ഡോളർ മുതൽ 3 ഡോളർ വരെ) ആണ് ഇവർ വാങ്ങുന്നത്. എന്നാൽ വലിയ കുടുംബ രഹസ്യങ്ങൾക്ക് 700,000 പെസോ വരെയും (ഏകദേശം 180 ഡോളറിന് മുകളിൽ) അതിലുമധികം വൈകാരികമായ വാർത്തകൾക്ക് വളരെ ഉയർന്ന നിരക്കുമാണ് ഇവർ വാങ്ങുന്നത്.
മിര്യമിന്റെ ബിസിനസ് ശൈലിയിലെ ഏറ്റവും കൗതുകകരമായ ഘടകം, ഒരു പ്രശ്നത്തിന്റെ ഇരുവശത്തുനിന്നും പണം കൊയ്യാനുള്ള കഴിവാണ്. ഉദാഹരണത്തിന്, ദാമ്പത്യ വഞ്ചന നടത്തുന്ന ഒരാളെക്കുറിച്ചുള്ള വിവരം കിട്ടിയാൽ, ആ രഹസ്യം പുറത്തുവിടാതിരിക്കാൻ അയാളിൽ നിന്നോ അയാളുടെ പങ്കാളിയിൽ നിന്നോ വലിയൊരു തുക കൈപ്പറ്റും. പിന്നീട് അതേ വിവരം അറിയാൻ ആഗ്രഹിക്കുന്ന മറ്റു കക്ഷികൾക്കും ഈ രഹസ്യം വിറ്റ് വീണ്ടും ലാഭം നേടാൻ ഇവർക്ക് കഴിയും.
വർഷങ്ങളോളം കൃത്യതയോടെ തുടർന്ന ഈ രഹസ്യശേഖരണത്തിലൂടെ സമ്പാദിച്ച തുക ഉപയോഗിച്ച്, യാതൊരു ബാങ്ക് വായ്പകളുടെയും സഹായമില്ലാതെ സ്വന്തമായി രണ്ട് വീടുകൾ വാങ്ങാൻ മിര്യാമിന് സാധിച്ചു. രാജ്യാന്തര മാധ്യമമായ ‘ഇൻഫോബേ’ ഉൾപ്പെടെയുള്ളവയിൽ മിര്യമിന്റെ അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് ഈ അസാധാരണ സംഭവം ലോകമറിയുന്നത്. ഒരു വയോധിക കണ്ടെത്തിയ ഈ വേറിട്ട വരുമാന മാർഗം വലിയ അമ്പരപ്പാണ് ആളുകളിൽ സൃഷ്ടിച്ചത്.




