ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ ടീമിലെ സഹതാരമായ ജോർജിയ വോളുമായി ബന്ധം പുലർത്തിയെന്ന ആരോപണത്തിൽ താരത്തിനെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടിയെടുക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് ആഷ്ലിയുടെ മുൻ പങ്കാളി മോണിക്ക റൈറ്റ്. ആഷ്ലി ഗാർഡ്നർ തന്നെ വഞ്ചിച്ചതായി പരസ്യമായി ആരോപിച്ച റൈറ്റ്, താരത്തെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രതിനിധീകരിക്കാനും മാതൃകയാകാനും അവസരം ലഭിച്ച വ്യക്തി ഉയർന്ന ധാർമിക നിലവാരം പുലർത്താൻ ബാധ്യസ്ഥയാണെന്ന് റൈറ്റ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ പരസ്യമായി പ്രതികരിക്കാത്തതിൽ അവർ അത്ഭുതം പ്രകടിപ്പിച്ചു. അധികൃതരുടെ നിശബ്ദത ഈ തെറ്റായ പ്രവൃത്തിയെ പിന്തുണയ്ക്കുന്നതിന് തുല്യമാണോ എന്നും അവർ ചോദിച്ചു. ടീമിലെ ജൂനിയർ അംഗവുമായി ബന്ധം പുലർത്തുന്നയാൾക്ക് നേതൃസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ക്യാപ്റ്റൻമാർ കാണിക്കേണ്ട മാതൃക ഇതല്ലെന്നും റൈറ്റ് കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയം തികച്ചും വ്യക്തിപരമാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്.
2025 ഏപ്രിലിലായിരുന്നു ആഷ്ലി ഗാർഡ്നറും മോണിക്ക റൈറ്റും വിവാഹിതരായത്. എന്നാൽ 2025-ലെ വനിതാ ഏകദിന ലോകകപ്പിനായി ഗാർഡ്നർ ഇന്ത്യയിലായിരുന്ന സമയത്താണ് ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീഴുന്നത്. ഗാർഡ്നർക്ക് സഹതാരം ജോർജിയ വോളുമായി ബന്ധമുണ്ടെന്ന് റൈറ്റ് ആരോപിച്ചതോടെ ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ ഈ വിവാദങ്ങൾക്കിടയിലും വിമൻസ് ബിഗ് ബാഷ് ലീഗിൽ ഗാർഡ്നറുടെ ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സ് താരത്തിന് പൂർണ്ണ പിന്തുണ നൽകി.
നിലവിൽ ഓസ്ട്രേലിയൻ ടീമിലെ പ്രമുഖ താരങ്ങളിൽ ഒരാളായ 29-കാരി ആഷ്ലി ഗാർഡ്നർ, തഹ്ലിയ മഗ്രാത്തിനൊപ്പം ടീമിന്റെ കോ-വൈസ് ക്യാപ്റ്റനായി അടുത്തിടെയാണ് ചുമതലയേറ്റത്. ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായും ആഷ്ലി ഗാർഡ്നർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.




