Oddly News

‘ഇത് എന്റെ ജീവിതം. ഞാൻ ഇങ്ങനെയാണ് പോകേണ്ടത്, ബൈ ബൈ പപ്പാ…’ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി 21-കാരി, തിരച്ചിൽ

ന്യൂഡൽഹി: പിതാവിനോട് ഫോണിൽ യാത്ര പറഞ്ഞുകൊണ്ട് 21-കാരി നദിയിലേക്ക് എടുത്തുചാടി. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. പായൽ ദേവി എന്ന യുവതിയാണ് ജീവനൊടുക്കാനായി പ്രേമനഗറിലെ ശിവദാൽ പാലത്തിൽ നിന്ന് ചെനാബ് നദിയിലേക്ക് ചാടിയത്. യുവതിക്കായി തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

‘ആരും എന്റെ അടുത്തേക്ക് വരരുത്. ഇത് എന്റെ ജീവിതമാണ്. ഞാൻ ഇങ്ങനെയാണ് പോകേണ്ടതെന്ന് എന്റെ ഹൃദയം പറയുന്നു. ബൈ ബൈ പപ്പാ…’ -ഇതാണ് നദിയിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പ് പായൽ ദേവി പിതാവായ കൃഷ്ണൻ ലാലിനോട് ഫോണിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെ യുവതി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഈ ദാരുണ സംഭവമുണ്ടായത്.

സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രാദേശിക പൊലീസും നാട്ടുകാരും ചേർന്നാണ് യുവതിക്കായി നദിയിൽ തിരച്ചിൽ നടത്തുന്നത്. യുവതി എന്തിനാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. മകൾ ഒരു പ്രാദേശിക ഉത്സവത്തിന് പോയതാണെന്നും, പിന്നീട് തന്നെ വിളിച്ച് അസുഖമായതിനാൽ ഡോക്ടറെ കാണണമെന്ന് പറഞ്ഞിരുന്നതായും പിതാവ് കൃഷ്ണൻ ലാൽ വ്യക്തമാക്കി. എന്നാൽ യുവതിക്ക് ഡോക്ടറെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് മോട്ടോർ സൈക്കിളിൽ മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ ഒപ്പമുണ്ടായിരുന്നയാൾ പിതാവിനെ വിളിച്ച് പായൽ നദിക്കരയിലേക്ക് ഓടിപ്പോയെന്ന വിവരം അറിയിച്ചു. തുടർന്ന് മകളോട് എന്താണ് പ്രശ്‌നമെന്ന് ഫോണിലൂടെ ആവർത്തിച്ച് ചോദിച്ചെങ്കിലും, തന്നോട് യാത്രപറഞ്ഞ് ഫോൺ വച്ച് പായൽ നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് കൃഷ്ണൻ ലാൽ പറയുന്നു.

ശക്തമായ ഒഴുക്കും ദുർഘടമായ ഭൂപ്രകൃതിയും തിരച്ചിൽ ദൗത്യത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസും അധികൃതരും അന്വേഷണം തുടരുകയാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)