2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺസുഹൃത്തിന്റെ കല്ലറയിൽ ഇസ്രായേലി യുവാവ് ജീവനൊടുക്കി. 30 വയസ്സുകാരനായ ബാർ അസ്രഫ് എന്ന യുവാവാണ് നെഞ്ചിൽ വെടിയുതിർത്ത് ജീവനൊടുക്കിയത്. വെസ്റ്റ് ബാങ്കിലെ എൽഖാനയിലുള്ള കാമുകി ലിറോൺ ബാർഡയുടെ സെമിത്തേരിയിൽ വെച്ചായിരുന്നു സംഭവം.
സ്വന്തം സഹോദരന്റെ വിവാഹച്ചടങ്ങിനിടയിൽ നിന്ന് ഇറങ്ങിപ്പോയ അസ്രഫിനെ ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തോളമായി അസ്രഫ് കഠിനമായ ഏകാന്തതയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് കുടുംബം വെളിപ്പെടുത്തി. ഇടയ്ക്കിടെ പെൺസുഹൃത്തിന്റെ കല്ലറ സന്ദർശിക്കുകയും അവിടെയിരുന്ന് സംസാരിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ ഏക ആശ്വാസം. സഹോദരന്റെ പെട്ടെന്നുള്ള കാണാതാകൽ സംശയത്തിനിടയാക്കിയതിനെ തുടർന്ന് സഹോദരൻ സെമിത്തേരിയിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന അസ്രഫിന്റെ മൃതദേഹം കണ്ടെത്തിയത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തുവെച്ചാണ് സഹോദരൻ വിടപറഞ്ഞതെന്നും അവന് നിത്യശാന്തി ലഭിക്കട്ടെയെന്നും അസ്രഫിന്റെ സഹോദരി പ്രതികരിച്ചു. ഹമാസ് ആക്രമണം നടക്കുമ്പോൾ നോവ മ്യൂസിക് ഫെസ്റ്റിവലിൽ ബാർ മാനേജറായി ജോലി ചെയ്യുകയായിരുന്നു ലിറോൺ. ആക്രമണ സമയത്ത് അവിടെയുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ലിറോൺ കൊല്ലപ്പെട്ടത്.




