Spotlight

ബംഗാളില്‍ മമത വീഴുമോ ? താമര വിരിയുമെന്ന് എക്സിറ്റ് പോൾ , തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍, അസമില്‍ ബി.ജെ.പി തുടരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് വരാനിരിക്കെ, വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നു. അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോൾ, പശ്ചിമ ബംഗാളിൽ കടുത്ത ഭരണവിരുദ്ധ തരംഗമുണ്ടാകുമെന്നും അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ചില ഏജൻസികൾ വ്യക്തമാക്കുന്നു.

അസമിൽ ബിജെപിക്ക് 100 സീറ്റുകൾ വരെ ലഭിക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുമ്പോൾ, മാട്രിസ് 85 മുതൽ 95 സീറ്റുകൾ വരെയാണ് നൽകുന്നത്. പീപ്പിൾസ് പൾസിന്റെ കണക്കനുസരിച്ച് ബിജെപി 68-72 സീറ്റുകളും കോൺഗ്രസ് 22-26 സീറ്റുകളും നേടും.

തമിഴ്നാട്ടിൽ ഡിഎംകെ തന്നെ ഭരണം തുടരുമെന്നാണ് പൊതുവായ വിലയിരുത്തൽ. 122 മുതൽ 132 സീറ്റുകൾ വരെ ഡിഎംകെ നേടുമ്പോൾ എഐഎഡിഎംകെ 87 മുതൽ 110 സീറ്റുകൾ വരെ പിടിച്ചേക്കാം. നടൻ വിജയ്‌യുടെ ടിവികെ പരമാവധി 12 മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും വിവിധ ഏജൻസികൾ പറയുന്നു.

എന്നാൽ പശ്ചിമ ബംഗാളിലെ പ്രവചനങ്ങളിൽ വലിയ വ്യത്യാസമാണുള്ളത്. പി-മാർക്കും മാട്രിസും ബിജെപിക്ക് അവിടെ അധികാരം പ്രവചിക്കുമ്പോൾ, തൃണമൂൽ കോൺഗ്രസ് 140 സീറ്റുകളിൽ താഴെ ഒതുങ്ങുമെന്നാണ് ഇവരുടെ കണക്ക്. അതേസമയം, പീപ്പിൾസ് പൾസിന്റെ സർവേ പ്രകാരം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 189 സീറ്റുകൾ വരെ നേടി വൻ വിജയം കൈവരിക്കുമെന്നും ബിജെപി 110 സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചിക്കുന്നു.