ഗാന്ധിനഗർ ∙ ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സുരേഷ് വിത്തൽ പർമറിനെ (30) പൊലീസ് വെടിവച്ചുകൊന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു നാലുവയസുകാരിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി സുരേഷ് പാർമർ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപെടുത്തി റെയിൽ വേ ട്രാക്കിൽ ഉപേക്ഷിക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾ കുഞ്ഞിനെ തട്ടികൊണ്ടുപോകുന്ന ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചു.
ഞായറാഴ്ച വൈകുന്നേരം ബൊർസാദിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. യാത്രയ്ക്കിടെ ഛർദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോൾ, ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് പ്രതി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റതായി അഹമ്മദാബാദ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ രാഘവേന്ദ്ര വത്സ വ്യക്തമാക്കി.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയോട് കീഴടങ്ങാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് ആകാശത്തേക്ക് മുന്നറിയിപ്പ് വെടി ഉതിർത്ത ശേഷം, സ്വയം രക്ഷാർത്ഥം പൊലീസ് പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി വെടിയേറ്റ പ്രതിയെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സുരേഷ് വിത്തൽ പർമർ മുൻപും ബലാത്സംഗക്കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 18-നാണ് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതാവുകയും പിന്നീട് റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പർമർ കുടുങ്ങിയത്.




