റിയാലിറ്റി ഷോ ഒഡിഷനിടെ കടുത്ത പുരുഷ വിദ്വേഷ പരാമർശങ്ങൾ നടത്തി രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങി കണ്ടന്റ് ക്രിയേറ്ററും അധ്യാപികയുമായ സാക്ഷി ഝാ. മത്സരാർഥികളുടെ കഴിവും തമാശയും അളക്കുന്ന ‘ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയുടെ ഒഡിഷനിലാണ് സാക്ഷി വിവാദപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. സ്വന്തം കുടുംബത്തിലുള്ള പുരുഷന്മാരെപ്പോലും വെറുപ്പോടെയാണ് കാണുന്നത് എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് ഇവർ നടത്തിയത്.
താനൊരു പുരുഷ വിദ്വേഷിയാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ബിഹാർ സ്വദേശിനിയായ സാക്ഷി വേദിയിലെത്തിയത്. പുരുഷന്മാരുടെ അഹങ്കാരം തകർക്കുന്നതിലാണ് തനിക്ക് സന്തോഷം ലഭിക്കുന്നതെന്നായിരുന്നു സാക്ഷിയുടെ അവകാശവാദം. ഈ കാലഘട്ടത്തിൽ സ്ത്രീയായി ജീവിക്കുക എന്നത് വലിയ മാനസിക പ്രയാസമാണെന്ന് പറഞ്ഞ സാക്ഷി, പുരുഷന്മാരെയല്ലാതെ മറ്റാരെയും താൻ വെറുക്കുന്നില്ലെന്നും തുറന്നുപറഞ്ഞു. ആരും അച്ഛന്റെ ഗർഭപാത്രത്തിൽ നിന്നല്ല ജനിക്കുന്നത് എന്നിരിക്കെ, പുരുഷനാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിൽ എന്താണ് കാര്യമെന്നും അവർ ചോദിച്ചു.
ഈ വാക്കുകൾ കേട്ട വിധികർത്താക്കളിൽ ഒരാൾ സാക്ഷിയുടെ ഇത്തരം നിലപാടുകളോട് സ്വന്തം കുടുംബം എങ്ങനെ പ്രതികരിക്കുന്നു എന്ന് അന്വേഷിച്ചു. എന്നാൽ തന്റെ അച്ഛനോടും തനിക്ക് വെറുപ്പ് മാത്രമാണുള്ളതെന്നായിരുന്നു സാക്ഷിയുടെ മറുപടി. അദ്ദേഹം സ്വന്തം അച്ഛനാണെങ്കിലും ഒരു പുരുഷനായതുകൊണ്ട് വെറുപ്പാണ് തോന്നുനത്. മുത്തച്ഛനോടും സഹോദരനോടുമെല്ലാം ഇതേ നിലപാട് തന്നെയാണ് ഉള്ളതെന്നും, അതുകൊണ്ട് മുത്തച്ഛന് തന്നോടും വെറുപ്പാണെന്ന് സാക്ഷി പറഞ്ഞു.
തുടർന്ന് തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് സംസാരിക്കവേ, വിവാഹശേഷം മദ്യപിച്ചെത്തി ഭർത്താവിനെ ബെല്റ്റുകൊണ്ട് അടിക്കണമെന്ന ആഗ്രഹമാണ് സാക്ഷി പങ്കുവെച്ചത്. താൻ ജെൻ സി തലമുറയിൽപെട്ട ആളായതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ വേറിട്ടുനിൽക്കണമെന്നും അവർ വാദിച്ചു. എന്നാൽ ഈ പരാമർശങ്ങൾ കടുത്ത എതിർപ്പുകൾക്ക് വഴിവെച്ചു. സാക്ഷിയുടെ നിലപാടുകളോട് ഒട്ടും യോജിക്കാൻ കഴിയാതിരുന്ന വിധികർത്താക്കൾ അവർക്ക് പൂജ്യം പോയിന്റാണ് നൽകിയത്. ഈ ഒഡിഷൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും പുരുഷന്മാരെ മുഴുവൻ ഇത്തരത്തിൽ ജനറൽ ചെയ്ത് ആക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. നർമം അവതരിപ്പിക്കാനാണ് ശ്രമിച്ചതെങ്കിൽ പോലും ഒരു പ്രത്യേക ലിംഗവിഭാഗത്തെ ഇത്രത്തോളം അപമാനിക്കാൻ പാടില്ലായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.




