തന്റെ മൂന്നാം വിവാഹത്തെച്ചൊല്ലി വിവാദങ്ങൾ പുകയുന്നതിനിടെ, ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ബോളിവുഡ് താരം ആമിർ ഖാൻ രംഗത്തെത്തി. ഗൗരിയുമായുള്ള താരത്തിന്റെ വിവാഹത്തിന് പിന്നാലെ ഇസ്ലാമിക പുരോഹിതർ ഫത്വ പുറപ്പെടുവിക്കുകയും, വലതുപക്ഷ സംഘടനകൾ ‘ലവ് ജിഹാദ്’ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങളിലാണ് ആമിർ ഖാൻ ഇപ്പോൾ ആദ്യമായി പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.
തന്റെ മുൻഭാര്യമാരായ റീന ദത്തയോ കിരൺ റാവുവോ, പുതിയ പങ്കാളിയായ ഗൗരിയോ വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്ന് ആമിർ ഖാൻ വ്യക്തമാക്കി. പ്രമുഖ മാധ്യമമായ ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘ഗൗരിയോ റീനയോ കിരണോ എന്നെ വിവാഹം കഴിച്ചപ്പോൾ മതം മാറിയിട്ടില്ല. ഞങ്ങൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് നിയമപരമായി വിവാഹിതരായത്. ഗൗരി ഒരു ഹിന്ദുവല്ല, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാളാണ്. എന്നാൽ അവൾ മതാചാരങ്ങൾ കർശനമായി പിന്തുടരുന്ന ഒരാളുമല്ല’ എന്ന് ആമിർ ഖാൻ പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്നതാണ് തന്റെ കുടുംബമെന്നും ആമിർ ഈ അഭിമുഖത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. ‘എല്ലാവരെയും ബഹുമാനിക്കുന്ന ഒരു വലിയ കുടുംബമാണ് ഞങ്ങളുടേത്. എന്റെ രണ്ട് സഹോദരിമാരും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുക്കളെയാണ്. എന്റെ മകളും ഒരു ഹിന്ദു യുവാവിനെയാണ് വിവാഹം കഴിച്ചത്. എന്റെ കസിനായ മൻസൂർ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ക്രിസ്ത്യൻ യുവതിയെയാണ്’ എന്നും ആമിർ ചൂണ്ടിക്കാട്ടി.
തന്റെ ദീർഘകാല സുഹൃത്തായ ഗൗരി സ്പ്രാറ്റിനെയാണ് ഈ മാസം ആദ്യം ആമിര് ഖാന് വിവാഹം ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയിൽ വച്ചായിരുന്നു ലളിതമായ രജിസ്റ്റർ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇതിൽ പങ്കെടുത്തത്. എന്നാൽ വിവാഹത്തിന് പിന്നാലെ ബജ്റംഗ്ദള് പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി അവർ നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുകയും ചെയ്തു.
ഇതിന് തൊട്ടുപിന്നാലെയാണ്, മുസ്ലിം പുരോഹിതനായ മൗലാനാ ഇബ്രാഹിം ഹുസൈൻ താരത്തിനെതിരെ ‘ഫത്വ’ പുറപ്പെടുവിച്ചത്. ഇസ്ലാമിക നിയമപ്രകാരം ഒരു മുസ്ലിം പുരുഷന് ഇസ്ലാം മതം സ്വീകരിക്കാത്ത ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ അനുവാദമില്ലെന്നും, അതിനാൽ ഈ വിവാഹം ഹറാമാണെന്നുമാണ് അദ്ദേഹം വാദിച്ചത്. ആമിറിന്റെ ഒന്നിലധികം വിവാഹങ്ങളെയും വിവാഹമോചനങ്ങളെയും കുറ്റപ്പെടുത്തിയ മൗലാന, ഇത്തരം പ്രവണതകളെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഒരു വിവാഹത്തിന്റെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നോക്കാൻ കഴിയാത്തവർ മറ്റൊരു വിവാഹത്തിലേക്ക് കടക്കരുതെന്നും വിമർശിച്ചു.
1986-ൽ റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് 2005-ൽ കിരൺ റാവുവിനെ വിവാഹം കഴിച്ചു. തുടർന്ന് ഈ വർഷം, 2026 ജൂലൈ 5-ന് നടന്ന സ്വകാര്യ ചടങ്ങിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ആമിർ ഖാൻ ഗൗരി സ്പ്രാറ്റിനെ വിവാഹം ചെയ്തത്. ആമിറും ഗൗരിയും കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഈ മൂന്നാം വിവാഹമാണ് ഇപ്പോൾ രാജ്യവ്യാപകമായി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.




