കൊച്ചി: യൂട്യൂബ് ചാനലിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്ന് നടി ലക്ഷ്മിപ്രിയയെ ലക്ഷ്യമിട്ട് അൻസിബ ഹസ്സൻ. ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് തനിക്കെതിരെ അസത്യപ്രചാരണങ്ങൾ നടത്തിയവർക്കെതിരെയാണ് താൻ പരാതി നൽകിയതെന്നും, എന്നാൽ ഈ വിഷയം കേവലം ഒരു ‘മാനനഷ്ടക്കേസ്’ മാത്രമാണെന്ന രീതിയിലാണ് പാലാരിവട്ടം പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും അൻസിബ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരള പോലീസ് മേധാവി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ ടാഗ് ചെയ്തുകൊണ്ടാണ് അൻസിബ തന്റെ പ്രതിഷേധം അറിയിച്ചത്.
അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയതായി അറിയാൻ കഴിഞ്ഞെന്നും നടി പോസ്റ്റിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അധികാരികൾ അളക്കുന്നതെന്ന് വ്യക്തമാക്കണമെന്നും, അങ്ങനെയെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ താൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രതികളുടെ നിലവിലെ പ്രവർത്തി തന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് താൻ നിയമപരമായി പരാതി നൽകിയതെന്നും, ഇനി അധികാരികൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ നൽകിയ പരാതിയുടെ പേരിൽ ക്ഷമ ചോദിക്കുന്നതായും അൻസിബ പരിഹാസത്തോടെ കുറിച്ചു.
എന്നാൽ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും താൻ പൂർണ്ണമായും തയ്യാറാണെന്ന് അൻസിബ വ്യക്തമാക്കി. കാരണം, തകർക്കാൻ ശ്രമിച്ചത് തന്റെ അന്തസ്സിനെയും സ്ത്രീത്വത്തെയുമാണെന്നും, അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അത് അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ എന്നും അവർ കൂട്ടിച്ചേർത്തു. അധികാരികൾക്ക് അത് മനസ്സിലാകില്ലെന്നും, കാരണം ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അൻസിബ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.




