ന്യൂഡല്‍ഹി: കുപ്രസിദ്ധമായ ‘കനിഷ്ക’ വിമാനാക്രമണത്തിന് പിന്നില്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്താനി ഭീകരരാണെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.എസ്.ഐ.എസ്. ഇന്ത്യ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ വാദം ഇപ്പോഴാണ് കാനഡയുടെ ഔദ്യോഗിക ഏജൻസി പരസ്യമായി സ്ഥിരീകരിക്കുന്നത്.
1985 ജൂണ്‍ 23-നാണ് ടൊറന്റോയില്‍നിന്നും ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ ‘എംപറര്‍ കനിഷ്ക’ (ഫ്ളൈറ്റ് 182) വിമാനം ലണ്ടനിലെത്തുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 329 പേരും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരായിരുന്നു. 1984-ല്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ നടന്ന ‘ഓപ്പറേഷന് ബ്ലൂസ്റ്റാര്‍’ സൈനിക നടപടിയോടുള്ള പ്രതികാരമായി സിഖ് തീവ്രവാദികളാണ് ഈ ബോംബാക്രമണം ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തൽ.
ദുരന്തത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് കലിസ്താനി ഭീകരരെ സി.എസ്.ഐ.എസ് നേരിട്ട് കുറ്റപ്പെടുത്തിയത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്താനി ഭീകരര്‍ വിമാനത്തില്‍ ബോംബ് വെച്ച് തകർക്കുകയായിരുന്നുവെന്നും, ഇത് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണമാണെന്നും കുറിപ്പിൽ പറയുന്നു. നിരോധിത സംഘടനയായ ബബ്ബര്‍ ഖല്‍സയിലെ അംഗങ്ങള്‍ ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ ഒളിപ്പിച്ച ബോംബാണ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളില്‍ വെച്ച് വിമാനം തകർത്തത്. പിന്നീട് 2005-ലാണ് കാനഡ ജൂണ്‍ 23 ‘ദേശീയ ഭീകരവാദ വിരുദ്ധ സ്മരണാ ദിനമായി’ പ്രഖ്യാപിച്ചത്.
ഖാലിസ്താനി ഭീകരവാദികള്‍ കാനഡയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് വ്യക്തമാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്ന് മാസങ്ങള്‍ക്ക് ശേഷമാണ് രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു വെളിപ്പെടുത്തലുണ്ടാകുന്നത്.




