കടുത്ത ഉഷ്ണതരംഗത്തെയും ഉയർന്ന താപനിലയെയും തുടർന്ന് വാരണാസിയിലെ (കാശി) സന്യാസിമാർ കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാനും മഴ പെയ്യാനുമായി അപൂർവ്വമായ ഒരു ആത്മീയ ചടങ്ങ് നടത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഷെഹ്നായി വാദകനായ പണ്ഡിറ്റ് മഹേന്ദ്ര പ്രസന്നയും സംഘവുമാണ് ചൊവ്വാഴ്ച രേവ ഘട്ടിന് മുന്നിൽ ഗംഗാ നദിയിൽ ഇറങ്ങിനിന്ന് മഴയുടെ ദേവനായ ഇന്ദ്രഭഗവാനോട് പ്രാർത്ഥിച്ചത്. ഷെഹ്നായിലൂടെ ‘രാഗ് മേഘ്’ വായിച്ചാണ് അവർ ഇന്ദ്രദേവനെ പ്രീതിപ്പെടുത്താൻ ശ്രമിച്ചത്. പ്രാദേശിക പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും വേരൂന്നിയ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരും നാട്ടുകാരും തടിച്ചുകൂടി.
ഇതിന്റെ ഭാഗമായി സന്യാസിമാർ ഗംഗാ നദിയിലെ അസി ഘട്ടിൽ മുട്ടൊപ്പം വെള്ളത്തിൽ ഇറങ്ങിനിന്ന് പ്രാർത്ഥനകൾ നടത്തുകയും മന്ത്രങ്ങൾ ഉരുവിടുകയും ചെയ്തു. ഭാരതീയ ആത്മീയ പാരമ്പര്യത്തിൽ സംഗീതത്തിന് എന്നും വലിയ സ്ഥാനമുണ്ടെന്നും, ഇത് ദൈവാനുഗ്രഹം ലഭിക്കാൻ സഹായിക്കുമെന്നും അവർ വിശ്വസിക്കുന്നു. കടുത്ത ചൂട് കാരണം എല്ലാവരുടെയും ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് സംഗീതത്തിലൂടെ ഇന്ദ്രദേവനെ പ്രീതിപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചതെന്ന് സന്യാസിമാർ പറഞ്ഞു. ഹൈന്ദവ വിശ്വാസമനുസരിച്ച് സ്വർഗ്ഗാധിപനായ ഇന്ദ്രനാണ് മഴയുടെയും ഇടിമിന്നലിന്റെയും ദേവൻ.
കാശിയിലെ പ്രശസ്തനായ ക്ലാരിനെറ്റ്-ഷെഹ്നായി വാദകനാണ് പണ്ഡിറ്റ് മഹേന്ദ്ര പ്രസന്ന. ബാബാ വിശ്വനാഥന്റെ സന്നിധിയിൽ അദ്ദേഹം ഷെഹ്നായി വായിക്കാറുണ്ട്. ‘റിംജിം ബർസെ ബദരിയ’, ‘കാലെ ബദ്ര’, ‘മാ ഗംഗ’, ‘ബർസോ റെ മേഘ്’ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാണ് അദ്ദേഹം ഈ രാഗത്തിൽ ആലപിച്ചത്. താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം ഗംഗാനദിയിലെ പുണ്യജലത്തിൽ ഇറങ്ങിനിന്ന് സംഗീതാർച്ചന നടത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വരൾച്ചയുള്ള സമയങ്ങളിൽ അദ്ദേഹം ഈ ആചാരം പിന്തുടരുന്നുണ്ട്.
ഹൈന്ദവ വിശ്വാസമനുസരിച്ച് ദധീചി മഹർഷിയുടെ അസ്ഥികളാൽ നിർമ്മിച്ച ‘വജ്രായുധം’ ധരിക്കുകയും ‘ഐരാവതം’ എന്ന വെളുത്ത ആനപ്പുറത്ത് സഞ്ചരിക്കുകയും ചെയ്യുന്ന ദേവനാണ് ഇന്ദ്രൻ. ഹിന്ദുമതത്തിൽ മാത്രമല്ല, ബുദ്ധമതത്തിലും ജൈനമതത്തിലും ഇന്ദ്രന് വലിയ പ്രാധാന്യമുണ്ട്. ബുദ്ധമതത്തിൽ ബുദ്ധന്റെ പ്രബോധനങ്ങളെ സംരക്ഷിക്കുന്ന ‘ശക്രൻ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ജൈനമതത്തിലാകട്ടെ, തീർത്ഥങ്കരന്മാരുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ആദ്യ സ്വർഗ്ഗത്തിലെ രാജാവായിട്ടാണ് ഇന്ദ്രനെ ആദരിക്കുന്നത്.




