2026 ഫിഫ ലോകകപ്പിൽ ഇതുവരെ കണ്ട ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ, കരുത്തരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് അരങ്ങേറ്റക്കാരായ കേപ് വെർഡി . ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിൻ, രണ്ടാം പകുതിയിൽ സൂപ്പർ താരങ്ങളായ ലമീൻ യമാലിനെയും നിക്കോ വില്യംസിനെയും കളത്തിലിറക്കിയിട്ടും കേപ് വെർഡിയുടെ പ്രതിരോധം തകർക്കാനായില്ല. 40 വയസുകാരനായ ഗോൾകീപ്പർ വൊസീഞ്ഞ എന്ന ജോസ്മിർ ജോസ് ഇവോറയുടെ അവിശ്വസനീയമായ പ്രകടനത്തിന് മുന്നിൽ സ്പെയിൻ താരങ്ങൾ നിസ്സഹായരാകുന്ന കാഴ്ചയാണ് സ്റ്റേഡിയത്തിൽ കണ്ടത്.
കരിയറിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തിന് സാക്ഷിയാകാൻ ഗാലറിയിൽ തന്റെ അമ്മയില്ലാത്തതായിരുന്നു മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ വൊസീഞ്ഞയുടെ സങ്കടം. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെടുന്ന 15,000 ഡോളറിന്റെ ബോണ്ട് തുക കൃത്യസമയത്ത് അടയ്ക്കാൻ ആ പാവപ്പെട്ട കുടുംബത്തിന് സാധിക്കാത്തതുകൊണ്ടാണ് അമ്മയ്ക്ക് വിസ നിഷേധിക്കപ്പെട്ടത്. മകന്റെ ചരിത്ര നേട്ടം നേരിട്ട് കാണാൻ അമ്മയ്ക്ക് കഴിയാതെ പോയതിന്റെ സങ്കടം വൊസീഞ്ഞയെ വല്ലാതെ വേദനിപ്പിച്ചു.
സ്പെയിനുമായുള്ള ഉജ്ജ്വല മത്സരത്തിന് മുമ്പ് വെറും അമ്പതിനായിരം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന വൊസീഞ്ഞയുടെ ഇൻസ്റ്റഗ്രാം പേജ്, ആ ഒരൊറ്റ പ്രകടനത്തോടെ 5.5 മില്യൺ ഫോളോവേഴ്സിലേക്കാണ് ഉയർന്നത്. ലോകകപ്പിലെ കന്നിപ്പോരാട്ടത്തിൽ തന്നെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും അവസാന വിസിൽ മുഴങ്ങിയപ്പോൾ അദ്ദേഹം വിതുമ്പുകയായിരുന്നു. നാൽപതാം വയസ്സിൽ താൻ സ്വന്തമാക്കിയ ഈ വലിയ നേട്ടം ഗാലറിയിൽ ഇരുന്ന് കാണാൻ അമ്മയ്ക്ക് സാധിച്ചില്ലല്ലോ എന്ന ചിന്തയാണ് വൊസീഞ്ഞയെ സങ്കടപ്പെടുത്തിയത്.
സാധാരണക്കാർക്ക് വിസാനടപടികൾ ഇപ്പോഴും കടുത്ത വെല്ലുവിളിയാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ സംഭവം. കേപ് വെർഡിയുടെ ഫുട്ബോൾ ചരിത്രത്തിൽ ഇടംനേടിയ ഏഴ് മനോഹരമായ സേവുകളുമായി അറ്റ്ലാന്റാ സ്റ്റേഡിയത്തിൽ ടീം വിജയതുല്യമായ സമനില ആഘോഷിക്കുമ്പോഴും വൊസീഞ്ഞയുടെ മനസ്സ് അമ്മയെക്കുറിച്ചുള്ള ചിന്തകളിലായിരുന്നു. അമ്മയ്ക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ബാഗുകൾ പാക്ക് ചെയ്യുകയും ചെയ്തിട്ടും വിസ തടസ്സമായതിനാൽ അവർക്ക് യാത്ര ചെയ്യാനായില്ല.
പ്ലയർ ഓഫ് ദ മാച്ച് ട്രോഫി നെഞ്ചോട് ചേർത്തുപിടിച്ച്, സാമ്പത്തിക പ്രതിസന്ധി കാരണം സമയത്ത് പണമടയ്ക്കാൻ കഴിയാത്തതിനാലാണ് വിസ ലഭിക്കാതെ അമ്മയ്ക്ക് വരാൻ കഴിയാതിരുന്നതെന്ന് വൊസീഞ്ഞ മാധ്യമങ്ങളോട് പറഞ്ഞു. ഈ നിമിഷത്തിൽ അമ്മ കൂടെയുണ്ടാകണമെന്ന് താൻ ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വൈകാരിക നിമിഷത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയൊരു ജനകീയ കാമ്പെയ്നാണ് സോഷ്യൽ മീഡിയയിൽ ആരംഭിച്ചിരിക്കുന്നത്.
വൊസീഞ്ഞയുടെ അമ്മയെ എത്രയും വേഗം ലോകകപ്പ് വേദിയിലെത്തിക്കാൻ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫിഫ, ഖത്തർ എയർവേസ്, എയർ ബിഎൻബി എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിന് ശേഷമുള്ള തന്റെ കരച്ചിലിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടെന്ന് വൊസീഞ്ഞ വെളിപ്പെടുത്തി. കുട്ടിക്കാലത്ത് തന്നെ വളർത്തിയ മുത്തശ്ശനും മുത്തശ്ശിയും കുറച്ചുകാലം മുമ്പ് മരണപ്പെട്ടത് ആ നിമിഷത്തിൽ അദ്ദേഹം ഓർത്തുപോയിരുന്നു.
ജോസിമാർ ജോസ് എവോറ ഡയസ് എന്ന താരത്തെ സഹകളിക്കാർ ‘വൊസീഞ്ഞ’ എന്ന് വിളിക്കുന്നത് മുത്തശ്ശിയോടുള്ള ഈ ആഴമേറിയ ബന്ധം കൊണ്ടാണ്. ക്രിയോൾ ഭാഷയിൽ ‘വൊസീഞ്ഞ’ എന്നാൽ മുത്തശ്ശി എന്നാണ് അർത്ഥം; ആദ്യമൊക്കെ ഈ പേര് ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായ വൊസീഞ്ഞ, പ്രായം വെറും നമ്പറാണെന്ന് തെളിയിച്ചു. വെറും അഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, പത്ത് ചെറിയ ദ്വീപുകളുടെ കൂട്ടമായ കേപ് വെർഡി ലോകകപ്പ് കളിക്കുന്ന മൂന്നാമത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇരുപത്തിയഞ്ചാം വയസ്സിൽ മാത്രം പ്രൊഫഷണൽ ഫുട്ബോളിലേക്ക് വന്ന വൊസീഞ്ഞയെ മത്സരത്തിനിടെ കമന്റേറ്റർ വിശേഷിപ്പിച്ചത് ‘കെയ്പ് വെർഡിയുടെ പാറ’ എന്നായിരുന്നു.




