Featured Lifestyle

ഹണിമൂണിന് അച്ഛനും അമ്മയും വേണം; യുവാവിനെ ഡിവോഴ്സ് ചെയ്ത് യുവതി, സ്വകാര്യത മാനിക്കാത്തയാൾക്കൊപ്പം ജീവിക്കില്ല

മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിൽ ഒന്നാണ് ‘മിഥുനം’. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ഉർവശിയും തകർത്തഭിനയിച്ച ഈ സിനിമ, ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ ഇടങ്ങളിൽ ‘നോ’ പറയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു. സിനിമയിൽ നായകനായ സേതു തന്റെ മധുവിധു യാത്രയ്ക്ക് കുടുംബത്തെക്കൂടി ഒപ്പം കൂട്ടുന്നതും അത് നായികയായ സുലുവിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളുമാണ് കഥയിലെ പ്രധാന തമാശയും വഴിത്തിരിവും. ഒടുവിൽ ഇരുവരും മാത്രമായി മറ്റൊരു ഹണിമൂൺ യാത്രയ്ക്ക് ഇറങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ സിനിമയെ വെല്ലുന്ന ഒരു യഥാർത്ഥ സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവാഹത്തിനുശേഷം ഒരുമിച്ച് മധുവിധു ആഘോഷിക്കാൻ പദ്ധതിയിട്ടതായിരുന്നു അവിടുത്തെ ഒരു ദമ്പതികൾ. എന്നാൽ ഭർത്താവ് തന്റെ യാത്രാപ്ലാൻ പറഞ്ഞതോടെ ഭാര്യയുടെ ആഗ്രഹങ്ങളെല്ലാം തകർന്നു. തന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും കൂടെ കൂട്ടിയേ മധുവിധുവിന് പോകൂ എന്ന് യുവാവ് നിർബന്ധം പിടിച്ചു. ആദ്യം എതിർത്തെങ്കിലും ഒടുവിൽ മറ്റ് വഴികളില്ലാതെ യുവതിക്ക് ഈ യാത്രയ്ക്ക് സമ്മതിക്കേണ്ടി വന്നു. കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നതിനാൽ ആ യാത്ര യുവതിക്ക് ഒട്ടും ആസ്വദിക്കാൻ കഴിഞ്ഞില്ല.

പിന്നീട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, കുടുംബത്തിൽ എല്ലാവരും സന്തോഷിക്കട്ടെ എന്നായിരുന്നു ഭർത്താവിന്റെ മറുപടി. എങ്കിൽ തങ്ങൾക്ക് മാത്രമായി മറ്റൊരു യാത്ര പോകാമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും യുവാവ് അത് സമ്മതിച്ചില്ല. കുടുംബവുമൊത്തുള്ള യാത്രകൾ മതിയെന്ന നിലപാടിൽ അയാൾ ഉറച്ചുനിന്നു. ഒടുവിൽ ഭർത്താവിന്റെ ഈ പെരുമാറ്റത്തിൽ മനംമടുത്ത യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നിർദ്ദേശപ്രകാരം ഇരുവരും മൂന്ന് വട്ടമാണ് കൗൺസിലിംഗിന് വിധേയരായത്. എന്നാൽ സ്വന്തം നിലപാടുകളിൽ നിന്ന് മാറാൻ രണ്ടുപേരും തയ്യാറായില്ല. ഭർത്താവ് കുടുംബത്തെ ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്നപ്പോൾ, തന്റെ സ്വകാര്യത മാനിക്കാത്തയാൾക്കൊപ്പം ജീവിക്കില്ലെന്ന് യുവതിയും ഉറപ്പിച്ചുപറഞ്ഞു. ഇതോടെ കൗൺസിലിംഗ് പരാജയപ്പെടുകയും ഇരുവരും നിയമപരമായി വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *