കൊൽക്കത്ത: മമത ബാനർജിയെ വലിയ പ്രതിസന്ധിയിലാക്കിക്കൊണ്ട്, ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ സ്പീക്കർ രഥീന്ദ്ര ബോസ് അംഗീകരിച്ചു. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി മുതിർന്ന നേതാവ് സോവൻദേബ് ചട്ടോപാധ്യായെയാണ് ഈ പദവിയിലേക്ക് നിശ്ചയിച്ചിരുന്നതെങ്കിലും, അതിനെ വെല്ലുവിളിച്ചാണ് ഋതബ്രത പ്രതിപക്ഷ നേതാവ് സ്ഥാനം നേടിയെടുത്തത്.
ആരാണ് ഈ ഋതബ്രത ബാനർജി ? കൊൽക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്കൂൾ, അശുതോഷ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് ഋതബ്രത ബാനർജി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1990കളുടെ മധ്യത്തിൽ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് എട്ട് വർഷത്തോളം എസ്എഫ്ഐയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും പ്രമുഖനായ യുവനേതാവായി മാറി.
സിപിഎമ്മിന്റെ മുൻ ജനറൽ സെക്രട്ടറി പരേതനായ സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഋതബ്രത, തന്റെ മികച്ച പ്രസംഗങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. 2011ൽ മമത ബാനർജി ഒഴിഞ്ഞ കൊൽക്കത്ത ദക്ഷിൺ ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം ഇദ്ദേഹത്തിന് സീറ്റ് നൽകി. ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, 2014ൽ വെറും 34-ാം വയസ്സിൽ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചുകൊണ്ട് പാർട്ടി വലിയ വിശ്വാസം രേഖപ്പെടുത്തി. എന്നാൽ, മൂന്ന് വർഷത്തിന് ശേഷം ഈ യുവനേതാവ് പാർട്ടിക്ക് പുറത്തായി.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് നിരക്കാത്ത അദ്ദേഹത്തിന്റെ “ആഢംബര ജീവിതശൈലി”യെ ചൊല്ലിയാണ് ഋതബ്രതയും സിപിഎമ്മും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. ആപ്പിൾ സ്മാർട്ട് വാച്ച് ധരിച്ചതും വിലകൂടിയ മോൺബ്ലാങ്ക് പേന ഉപയോഗിച്ചതും വലിയ വിവാദമായിരുന്നു. 2017ൽ നൽകിയ ഒരു അഭിമുഖത്തിൽ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുഹമ്മദ് സലിം എന്നിവർക്കെതിരെ അദ്ദേഹം പരസ്യമായി സംസാരിച്ചു. ഇതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം അദ്ദേഹത്തെ പുറത്താക്കി. തുടർന്ന് വ്യാജ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
2018ൽ ഋതബ്രത ബാനർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ആദ്യം പാർട്ടിയുടെ ആദിവാസി ക്ഷേമ സമിതിയുടെ കൺവീനറായ അദ്ദേഹം, പിന്നീട് ടിഎംസിയുടെ തൊഴിലാളി സംഘടനയായ ഐഎൻടിടിയുസിയുടെ (INTTUC) സംസ്ഥാന പ്രസിഡന്റായി ഉയർന്നു. 2024ൽ ജവഹർ സിർകാർ രാജിവെച്ച ഒഴിവിലേക്ക് ടിഎംസി ഇദ്ദേഹത്തെ വീണ്ടും രാജ്യസഭയിലെത്തിച്ചു. 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉലുബേരിയ പൂർബ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് അദ്ദേഹം വിജയിച്ചു. ഈ തിരഞ്ഞെടുപ്പിൽ ടിഎംസിയുടെ സീറ്റുകൾ 80 ആയി കുറയുകയും ഭരണം ബിജെപി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ടിഎംസിയിൽ ചേർന്ന സമയത്ത് മമത ബാനർജിയെ ‘യഥാർത്ഥ ഇടതുപക്ഷ നേതാവ്’ എന്ന് പുകഴ്ത്തിയ ഋതബ്രത തന്നെയാണ് ഇപ്പോൾ പാർട്ടിയിൽ വലിയൊരു പിളർപ്പിന് വഴിതുറന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടിയുടെ ആഭ്യന്തര പ്രവർത്തനങ്ങളിലും അഭിഷേക് ബാനർജിയുടെ നേതൃത്വ ശൈലിയിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കായി ഐ-പാക് (I-PAC) ഏജൻസിയെ ചുമതലപ്പെടുത്തിയതിനെയും പാർട്ടി ജനങ്ങളിൽ നിന്ന് അകന്നതിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു.
തുടർന്ന്, സോവൻദേബ് ചട്ടോപാധ്യായെ പ്രതിപക്ഷ നേതാവാക്കാൻ നൽകിയ കത്തിൽ തങ്ങൾ ഒപ്പിട്ടിട്ടില്ലെന്ന് ഋതബ്രതയും സന്ദീപൻ സാഹയും സ്പീക്കറെ അറിയിക്കുകയായിരുന്നു. ഈ ‘ഒപ്പു വിവാദം’ നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്. ഇതിന് പിന്നാലെ മമത ബാനർജി ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ഋതബ്രതയെ ‘ദ്രോഹി’ എന്ന് വിളിക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച ടിഎംസിയുടെ 80 എംഎൽഎമാരിൽ 59 പേരുടെ പിന്തുണയോടെയാണ് ഋതബ്രത നിയമസഭയിലെത്തിയത്. വിമത എംഎൽഎമാർ മമത ബാനർജിയെ പാർട്ടിയുടെ ഉപദേശകയായി നിലനിർത്തിക്കൊണ്ട് ഋതബ്രതയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി. തങ്ങളാണ് “യഥാർത്ഥ ടിഎംസി” എന്നാണ് ഈ വിമത വിഭാഗം അവകാശപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം (54 എംഎൽഎമാർ) വേണമെന്നിരിക്കെ, 58-ലധികം എംഎൽഎമാരുടെ പിന്തുണയോടെ ഇവർ ആ പരിധി മറികടന്നു കഴിഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയെയും എൻസിപിയെയും പിളർത്തിയതിന് സമാനമായ അട്ടിമറിക്കാണ് ഇവർ ശ്രമിക്കുന്നതെന്ന് ടിഎംസി നേതൃത്വം ആരോപിക്കുന്നു.
നിലവിൽ സ്പീക്കർ ഋതബ്രതയുടെ അവകാശവാദം അംഗീകരിക്കുകയും പ്രതിപക്ഷ നേതാവിന്റെ മുറിയുടെ താക്കോൽ കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ വലിയ വിമത നീക്കത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് നേതൃത്വം തങ്ങളുടെ എല്ലാ പാർട്ടി കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിട്ടിരിക്കുകയാണ്.




