നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ കിരീടനേട്ടത്തിലേക്ക് ഉയര്‍ന്നിരിക്കുന്ന ലിവര്‍പൂള്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ എഴുതുന്നത് വ്യത്യസ്തമായ ഒരു കവിതയാണ്. സീസണിന്റെ തുടക്കത്തില്‍ ഒപ്റ്റയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് നേടാനുള്ള സാധ്യത 5.5 ശതമാനം മാത്രമായിരുന്നു. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായിരുന്നു. 82.5 ശതമാനമായിരുന്നു അത്.
എന്നാല്‍ നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ, റെഡ്‌സ് ചാമ്പ്യന്മാരായി. ഏറ്റവും കൂടുതല്‍ പോയിന്റും ഗോളുകളും വിജയവുമെല്ലാം നേടിയുള്ള ലിവര്‍പൂളിന്റെ കുതിപ്പിന് പിന്നില്‍ ഈജിപ്ഷ്യന്‍ മജീഷ്യന്‍ മുഹമ്മദ് സലായായിരുന്നു. താരത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല, അദ്ദേഹത്തിന്റെ നേട്ടത്തെക്കുറിച്ച് അദ്ദേഹത്തിന്റെ നമ്പറുകള്‍ സംസാരിക്കും. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ 28 ഗോളുകള്‍ നേടിയ സലാ 18 അസിസ്റ്റുകളും നല്‍കി. അവസാന മത്സരത്തില്‍ ടോട്ടനത്തെ 5-1 ന് തകര്‍ത്ത് കിരീടം നേടുമ്പോഴും ഗോളും അസിസ്റ്റും സലാ കണ്ടെത്തി.
ഈ സീസണില്‍ ലിവര്‍പൂളിനായി 38 മത്സരങ്ങളില്‍ നിന്നും 46 ഗോളുകളിലാണ് അദ്ദേഹം പങ്കാളിത്തം വഹിച്ചത്. വെസ്റ്റ് ഹാമിനെതിരായ 2-1 വിജയത്തില്‍ ഡയസിന് അസിസ്റ്റ് നല്‍കിയപ്പോള്‍ തന്നെ ആഴ്‌സണലിന്റെ മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റി 2002-03 ല്‍ നേടിയ 44 ഗോളുകളുടെ റെക്കോര്‍ഡ് അദ്ദേഹം മറികടന്നു. മൂന്‍ താരങ്ങളായ 42 മത്സരങ്ങളില്‍ ആന്‍ഡി കോളും അലന്‍ ഷിയററും സംയുക്തമായി കൈവശം വച്ച 47 ഗോളുകളുടെ റെക്കോര്‍ഡ് നാല് മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കെ മറികടക്കാന്‍ സലായ്ക്ക് അവസരമുണ്ട്.
ലിവര്‍പൂള്‍ ഇപ്പോള്‍ അവരുടെ 20-ാമത്തെ ടോപ്പ്-ഫ്‌ലൈറ്റ് കിരീടമാണ് നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് റെക്കോര്‍ഡിന് ഒപ്പമെത്താനും അവര്‍ക്കായി. ഡൊമിനിക് സോളങ്കിയുടെ ഹെഡ്ഡര്‍ ഗോളിലൂടെ ഞായറാഴ്ച ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ടോട്ടനം ആദ്യം മുന്നില്‍ എത്തിയതായിരുന്നു. എന്നാല്‍ ലൂയിസ് ഡയസ്, അലക്സിസ് മക്അലിസ്റ്റര്‍, കോഡി ഗാക്പോ, മുഹമ്മദ് സലാ എന്നിവര്‍ ഗോള്‍ നേടുകയും ഡെസ്റ്റിനി ഉഡോഗി സ്വന്തം വലയിലേക്ക് പന്ത് പായിക്കുകയും ചെയ്തതോടെ കൂറ്റന്‍ വിജയം ലിവര്‍പൂളിനെ തേടിയെത്തി.
പ്രീമിയര്‍ ലീഗില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച സീസണില്‍ ലിവര്‍പൂള്‍ രണ്ട് ലീഗ് മത്സരങ്ങള്‍ മാത്രമേ തോറ്റിരുന്നുള്ളൂ. സെപ്റ്റംബറില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ അവരുടെ ആദ്യ തോല്‍വിയായിരുന്നു അത്, ഏപ്രില്‍ 6 ന് ക്രാവന്‍ കോട്ടേജില്‍ ഫുള്‍ഹാമിനെതിരെയായിരുന്നു അവരുടെ രണ്ടാമത്തെ തോല്‍വി. സീസണില്‍ 80 ഗോളുകള്‍ നേടിയ അവര്‍ ആശാനായ ആര്‍നേ സ്‌ളോട്ടിനും നല്‍കി അസാധാരണ റെക്കോഡ്. ആദ്യ സീസണില്‍ തന്നെ കിരീടം നേടുന്ന ആറാമത്തെ മാനേജരായിട്ടാണ് മാറിയത്്. ജോസ് മൗറീഞ്ഞോ (ചെല്‍സി, 2004-05), കാര്‍ലോ ആന്‍സെലോട്ടി (ചെല്‍സി, 2009-10), മാനുവല്‍ പെല്ലെഗ്രിനി (മാന്‍ സിറ്റി, 2013-14), അന്റോണിയോ കോണ്ടെ (ചെല്‍സി, 2016-17) എന്നിവരുടെ പാത പിന്തുടരുന്നു.




