Spotlight

‘എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു; ദുർബലരും അത്യാഗ്രഹികളുമാണ് ഇസ്ലാം മതം സ്വീകരിച്ചത്’: UP MLA

ലക്നൗ: ഉത്തർപ്രദേശിലെ കുണ്ടയിൽ നിന്നുള്ള എംഎൽഎയും ജൻസത്ത ദൾ ലോക്താന്ത്രിക് പാർട്ടി തലവനുമായ രഘുരാജ് പ്രതാപ് സിംഗിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പടർന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്.

പ്രയാഗ്‌രാജിൽ നടന്ന ഒരു രാമകഥാ പരിപാടിയിൽ സംസാരിക്കവെ, ദുർബലരും പേടിയുള്ളവരും അത്യാഗ്രഹികളുമായ ആളുകളാണ് പണ്ട് ഇസ്ലാം മതം സ്വീകരിച്ചതെന്ന് രാജാ ഭയ്യ അവകാശപ്പെട്ടു. രാജ്യത്തെ എല്ലാ മുസ്ലീങ്ങളും യഥാർത്ഥത്തിൽ പണ്ട് ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഭയം കൊണ്ടോ പ്രലോഭനം കൊണ്ടോ ആണ് ആളുകൾ അന്ന് മതം മാറിയതെന്നും വ്യക്തമാക്കി. സ്വന്തം മതത്തിൽ ഉറച്ചുനിൽക്കുകയും ഒരുപാട് ത്യാഗങ്ങൾ സഹിക്കുകയും ചെയ്തവരാണ് ഇന്നത്തെ ഹിന്ദുക്കളുടെ പൂർവ്വികരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെ നേതാവ് നടത്തിയ പഴയൊരു പരാമർശത്തെക്കുറിച്ച് സംസാരിച്ച രാജാ ഭയ്യ, ചില രാഷ്ട്രീയ നേതാക്കൾ സനാതന ധർമ്മത്തെ ഡെങ്കിപ്പനിയും മലേറിയയും പോലുള്ള രോഗങ്ങളോട് ഉപമിച്ചതായും അത് ഇല്ലാതാക്കാൻ ആഹ്വാനം ചെയ്തതായും ഓർമ്മിപ്പിച്ചു. ഇത്തരമൊരു പരാമർശം ഇസ്ലാം മതത്തിനെതിരെയാണ് നടന്നിരുന്നതെങ്കിൽ രാജ്യത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഫത്‌വകളും ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദുക്കൾ തങ്ങളുടെ മതപരമായ അറിവുകൾ വളർത്തുക മാത്രമല്ല, വരുംതലമുറയ്ക്കായി സ്വന്തം സംസ്‌കാരവും നാഗരികതയും സംരക്ഷിക്കാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും രാജാ ഭയ്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്ലീങ്ങൾ ആരും തന്നെ അറബ് രാജ്യങ്ങളിൽ നിന്ന് വന്നവരല്ലെന്നും, മറിച്ച് പലവിധ സമ്മർദ്ദങ്ങൾക്കോ പ്രലോഭനങ്ങൾക്കോ വഴങ്ങി മതം മാറേണ്ടി വന്ന യഥാർത്ഥ ഹിന്ദുക്കൾ തന്നെയാണ് അവരെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

വിശ്വാസമില്ലാത്തവരും ദുർബലരും പ്രതിബദ്ധതയില്ലാത്തവരുമായ ആളുകളാണ് അക്കാലത്ത് മതം മാറിയതെന്നും, എന്നാൽ ധീരരും ഭക്തിയുള്ളവരുമായ ആളുകൾ ഹിന്ദുക്കളായി തന്നെ തുടരുകയാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജാ ഭയ്യയുടെ ഈ പരാമർശങ്ങൾ ഇപ്പോൾ ഓൺലൈൻ ലോകത്ത് കടുത്ത രാഷ്ട്രീയ ചർച്ചകൾക്കും പ്രതികരണങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. എംഎൽഎയുടേത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനയാണെന്ന് വിമർശകർ കുറ്റപ്പെടുത്തുമ്പോൾ, ഹിന്ദു ഐക്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് വലിയൊരു വിഭാഗം ആളുകളും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *