വിവാഹവും പ്രണയവും സിംഗിള്‍ ലൈഫുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ചിലര്‍ വിവാഹം കഴിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍, മറ്റുചിലര്‍ പ്രണയത്തിന് പ്രാധാന്യം നല്കുന്നു. എന്നാല്‍ ഒരു കൂട്ടര് വിവാഹമോ പ്രണയമോ ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. പൊതുവെ സിംഗിള്‍ ലൈഫിനോട് സമൂഹത്തിന് വലിയ താല്പര്യമില്ലാത്ത സാഹചര്യത്തിലാണ്, ഹോളിവുഡ് നടി ചാര്‍ലീസ് തെറോണ്‍ തന്റെ സിംഗിള്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്.
ഈയടുത്ത് താന്‍ ഒരു 26കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അത് മനോഹരമായ ഒരു അനുഭവമായിരുന്നു എന്നുമാണ് നടി പറഞ്ഞത്. താന്‍ ഒരുപാട് കാലമായി സിംഗിളായാണ് ജീവിക്കുന്നത്. എന്നാല്‍ പ്രണയമില്ലാത്ത ലൈംഗികബന്ധം എന്ന രീതി താന്‍ തിരിച്ചറിയുന്നത് തന്റെ നാല്പതുകളിലാണ്. ഇത് തനിക്ക് വലിയ സ്വാതന്ത്ര്യമാണ് നല്‍കുന്നത്. ഇനി ഒരു വിവാഹത്തെക്കുറിച്ചോ മറ്റൊരാളോടൊപ്പം ജീവിക്കുന്നതിനെക്കുറിച്ചോ താന്‍ ചിന്തിക്കുന്നില്ലെന്നും നടി വ്യക്തമാക്കി.
‘മാഡ് മാക്സ് ഫ്യൂരിയോസ’ പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ ചാര്‍ലീസ് തെറോണ്‍, 2025-ല്‍ ‘Call Her Daddy podcast’ എന്ന പോഡ്കാസ്റ്റില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. പഴയ പോഡ്കാസ്റ്റ് ആളുകള്‍ വീണ്ടും ചര്‍ച്ചയാക്കിയതോടെ ‘ദ് ഡ്ര്യൂ ബാരിമോര്‍ ഷോ’ എന്ന പരിപാടിയിലും നടിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നു. താന്‍ പറയുന്നത് ചിലര്‍ക്ക് തമാശയായി തോന്നിയേക്കാമെന്നും, എന്നാല്‍ മറ്റൊരാളോടൊപ്പം സ്ഥിരമായി താമസിക്കുക എന്നത് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നുമാണ് നടി ഇതിന് മറുപടി നല്‍കിയത്.
തനിക്ക് രണ്ട് പെണ്മക്കളാണുള്ളത്. പണ്ട് താന്‍ ആരെങ്കിലുമായി പ്രണയത്തിലായാല്‍ മക്കള്‍ അതിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു എന്നും അവരുടെ ശ്രദ്ധ എപ്പോഴും അതിലായിരുന്നു എന്നും താരം ഓര്‍ക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ തന്റെ ജീവിതരീതി കാരണം അവര്‍ക്ക് അത്തരം ആശങ്കകളൊന്നുമില്ലെന്ന് നടി പറഞ്ഞു. 2012-ലും 2015-ലുമായിട്ടാണ് നടി ഈ രണ്ട് കുട്ടികളെയും ദത്തെടുത്തത്.




