ധോല്‍പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മുന്‍ പോലീസുകാരനായ പ്രതി ഒളിവില്‍ കഴിഞ്ഞത് സ്ത്രീവേഷധാരിയായി. രാജസ്ഥാനിലെ ധോല്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സസ്പെന്‍ഷനിലായ കോണ്‍സ്റ്റബിള്‍ റാംഭരോസ് എന്നറിയപ്പെടുന്ന രാജേന്ദ്ര സിസോദിയയാണ് ‘സഹപ്രവര്ത്തകരി’ല്‍നിന്ന് രക്ഷപ്പെടാന്‍ പെണ്‍വേഷം ഉള്‍പ്പെടെ കെട്ടി സംസ്ഥാനം വിട്ടത്.
പക്ഷേ, ഈ തന്ത്രമൊന്നും അന്വേഷണസംഘത്തിനു മുന്നില്‍ വിലപ്പോയില്ല. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലാകുമ്പോള്‍ ഇയാള്‍ ബുര്‍ഖയണിഞ്ഞ് ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടി സ്ത്രീവേഷത്തിലായിരുന്നു.
കഴിഞ്ഞ 15-നാണ് ഇയാള്‍ 16 വയസുകാരിയെ പീഡനത്തിനിരയാക്കിയത്. ജോലി വാഗ്ദാനം ചെയ്ത് സിസോദിയ കൗമാരക്കാരിയെയും സഹോദരനെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് സഹോദരനെ മാര്‍ക്കറ്റിലേക്ക് അയച്ചശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന് പോലീസ് പറഞ്ഞു.
ഇരയായ കുട്ടിയുടെ നിലവിളികേട്ട് അയല്ക്കാരെത്തിയെങ്കിലും ഇവരെ കബളിപ്പിച്ച് സിസോദിയ ഓടിരക്ഷപ്പെട്ടു. അതിനുശേഷം വേഷപ്രച്ഛന്നനായി പലയിടത്തും ഒളിവില്‍ കഴിഞ്ഞു.
ആഗ്ര, ലഖ്നൗ, ഗ്വാളിയര്‍ എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളില്‍ പോലീസെത്തിയെങ്കിലും ഇയാള്‍ തന്ത്രപരമായി രക്ഷപ്പെട്ടു. ഒരു വി.ഐ.പി. അല്ലെങ്കില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ട്രാക്ക് സ്യൂട്ടുകളോ ജാക്കറ്റുകളോ മാറിമാറി ധരിക്കുമായിരുന്നു. വ്യാപക അന്വേഷണത്തിനുശേഷം, ഒടുവില്‍ വൃന്ദാവനില്‍ പ്രതി വലയിലാകുകയായിരുന്നു.




