Spotlight

മലബാർ കലാപവും മാറാടും മറക്കില്ലെന്ന് ലേഖനം, ലീ​ഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി; വിമർശനം യോഗനാദം എഡിറ്റോറിയലിൽ

ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ കടുത്ത വിമർശനങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. യോഗനാദം മാസികയുടെ പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് അദ്ദേഹം ലീഗിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ, അധികാരം കിട്ടുമെന്ന് ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു. ലീഗിന്റെ വർഗീയതയെ ചോദ്യം ചെയ്യുന്നവരെ മുഴുവൻ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. ലീഗിന്റെ ഇത്തരം തെറ്റായ നയങ്ങളെ എതിർത്തതിന്റെ പേരിൽ തന്നെ പൊതുവേദികളിൽ വ്യക്തിപരമായി അധിക്ഷേപിച്ചതായും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

യു.ഡി.എഫ് ഔദ്യോഗികമായി അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ കേരളത്തിൽ മുസ്ലീം ലീഗിന്റെ ഭരണമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിക്കുന്നു. ഭരണ സ്വാധീനം ഉപയോഗിച്ച് മതതീവ്രവാദികളെ സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇതിന് വരാൻ പോകുന്ന സർക്കാർ കൂട്ടുനിൽക്കുമോ എന്ന് കണ്ടറിയണം. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും വെള്ളാപ്പള്ളി നടേശനെയും ലീഗ് തങ്ങളുടെ പ്രധാന ശത്രുക്കളായാണ് കാണുന്നത്. ലീഗ് നേതാവ് കെ.എം. ഷാജി വർഗീയത വളർത്തുന്ന രീതിയിലാണ് സംസാരിക്കുന്നതെന്നും, അദ്ദേഹത്തെ മന്ത്രിയാക്കിയാൽ നാട്ടിൽ മതസൗഹാർദ്ദം ഉണ്ടാകുമെന്നാണ് ലീഗ് പറയുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ലീഗ് ഉയർത്തിപ്പിടിക്കുന്ന മതേതരത്വ മുഖംമൂടി ഇപ്പോൾ അഴിഞ്ഞു വീണിരിക്കുകയാണെന്നും അത് വെറുമൊരു അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗ് കാട്ടുന്ന മതേതരത്വം വെറും കപടനാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു പ്രധാന വിമർശനം. ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ട മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ലീഗ് വളർന്നുവന്നത്. ആ വലിയ കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കാൻ നോക്കിയ തന്ത്രം ഇനി കേരളത്തിൽ വിലപ്പോകില്ല. മാറാട് കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികൾ ആരാണെന്ന് എല്ലാവർക്കും നന്നായി അറിയാം. എസ്.എൻ.ഡി.പി സമുദായത്തെ തകർക്കാൻ എത്ര വലിയ നേതാക്കൾ വന്നാലും അതിനെ ശക്തമായി നേരിടുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകുന്നുണ്ട്.

കഴിഞ്ഞ ദിവസം തൊടുപുഴയിൽ വെച്ച് എസ്.എൻ.ഡി.പിക്കും വെള്ളാപ്പള്ളി നടേശനുമെതിരെ മുസ്ലീം ലീഗ് പ്രവർത്തകർ വലിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിന്റെ ചിത്രത്തിനൊപ്പം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെയും പ്രതിപക്ഷ നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ വി.ഡി. സതീശന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് യോഗനാദത്തിന്റെ കവർ പേജ് ഡിസൈൻ ചെയ്തിരിക്കുന്നത്. യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി നടത്തിയ ഈ രാഷ്ട്രീയ നീക്കവും കടുത്ത വിമർശനങ്ങളും കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *