ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രമാണ് ദിവ്യയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശവും താരം സ്വന്തമാക്കിയിരുന്നു.
പായൽ കപാഡിയയുടെ സംവിധാനത്തിൽ പുറത്തിറങ്ങി കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യയുടെ വേഷവും ഏറെ പ്രശംസ പിടിച്ചുപറ്റി. കൃഷാന്ത് സംവിധാനം ചെയ്ത ‘മസ്തിഷ്ക മരണം’ എന്ന ചിത്രത്തിലും മികച്ചൊരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ, തന്റെ വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമുള്ള നിലപാടുകൾ തുറന്നുപറഞ്ഞ് വാർത്തകളിൽ നിറയുകയാണ് ദിവ്യ പ്രഭ. പങ്കാളിത്തം ഇഷ്ടമാണെങ്കിലും ഔദ്യോഗികമായി ഒപ്പിട്ടുള്ള ഒരു വിവാഹജീവിതം തനിക്ക് സെറ്റാവില്ല എന്നാണ് ദിവ്യ പ്രഭ പറയുന്നത്.
തന്റെ ജീവിതരീതിക്ക് അനുയോജ്യനായ ഒരാൾ വരുമ്പോൾ ഒന്നിച്ചു ജീവിച്ചേക്കാമെന്നും എന്നാൽ പരമ്പരാഗതമായ രീതിയിലുള്ള കല്യാണം തനിക്ക് താല്പര്യമില്ലെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ വ്യക്തമാക്കി. വിവാഹം കഴിക്കാൻ വീട്ടിൽ നിന്നും യാതൊരുവിധ സമ്മർദ്ദവുമില്ല. അച്ഛൻ ഗണപതി അയ്യരുടെയും അമ്മ ലീലാമണിയുടെയും സഹോദരിമാരുടെയും ഒക്കെ പ്രണയവിവാഹമായിരുന്നു. അതുകൊണ്ടുതന്നെ അറേഞ്ച്ഡ് മാര്യേജ് എന്ന രീതി വീട്ടുകാർക്ക് പരിചയമില്ല. അഭിനയം ഒരു വരുമാനമാർഗ്ഗമായി എത്രത്തോളം വിജയിക്കും എന്ന ആശങ്ക മാത്രമാണ് വീട്ടുകാർക്ക് ഉണ്ടായിരുന്നത്. വളരെ സ്വതന്ത്രമായി ജീവിക്കുന്ന തന്റെ തീരുമാനങ്ങളിൽ അവർ ഒരിക്കലും ഇടപെടാറില്ലെന്നും ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.




