Featured Good News

‘എനിക്കുള്ളത് ആകെ എട്ടു പാന്‍റ്സും 15 ഷര്‍ട്ടും, മൂന്ന് ജോടി ചെരുപ്പുകളും’; തുറന്ന് പറഞ്ഞ് എറണാകുളം കലക്ടര്‍ പ്രിയങ്ക

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാകണം ദൈനംദിന ജീവിതമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക . വടക്കൻ പറവൂരിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിൽ സംസാരിക്കവെ, സ്വന്തം ജീവിതശൈലിയെ ഉദാഹരണമാക്കിയാണ് കളക്ടർ ഇക്കാര്യം പങ്കുവെച്ചത്. തന്റെ പക്കൽ ആകെ എട്ട് പാന്റുകളും 15 ഷർട്ടുകളും മൂന്ന് ജോടി ചെരുപ്പുകളും മാത്രമാണുള്ളതെന്നും ഇവ മാറിമാറി ഉപയോഗിക്കുകയാണ് പതിവെന്നും അവർ പറഞ്ഞു.

അനാവശ്യമായ വാങ്ങിക്കൂട്ടലുകൾ ഒഴിവാക്കി, അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കുന്ന ‘ബോധപൂർവ്വമുള്ള ഉപഭോഗ രീതി’ (കോൺഷ്യസ് കൺസ്യൂമറിസം) എല്ലാവരും ശീലമാക്കുന്നത് പ്രകൃതിക്ക് ഏറെ നല്ലതാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

തന്റെ പക്കൽ കറുപ്പ്, തവിട്ട്, പിങ്ക് നിറങ്ങളിലുള്ള മൂന്ന് ഷൂസുകൾ മാത്രമാണുള്ളതെന്നും എല്ലാ വസ്ത്രങ്ങൾക്കൊപ്പവും ഇവയാണ് ധരിക്കാറുള്ളതെന്നും കളക്ടർ പറഞ്ഞു. ഇവ കേടായാൽ മാത്രമേ പുതിയത് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. ജീവിതത്തിൽ നമ്മൾ വരുത്തുന്ന ഇത്തരം ചെറിയ നിയന്ത്രണങ്ങൾ പ്രകൃതിയെ സംരക്ഷിക്കാൻ സഹായിക്കും. ഒരു വ്യക്തിയുടെ വസ്ത്രധാരണമോ പുറംമോടിയോ അല്ല, മറിച്ച് അവരുടെ സ്വഭാവമാണ് അവർ ആരാണെന്ന് നിശ്ചയിക്കുന്നതെന്നും ജി. പ്രിയങ്ക ഓർമ്മിപ്പിച്ചു.

തന്റെ വസ്ത്രധാരണ രീതിയെക്കുറിച്ച് ജില്ലാ കളക്ടർ വിശദീകരിച്ചത് ഇങ്ങനെയാണ്: “എന്റെ കയ്യിൽ എട്ട് പാന്റും 15 ഷർട്ടും മാത്രമാണുള്ളത്. ഇവയുടെ കോമ്പിനേഷനുകൾ മാറ്റിയാണ് ഞാൻ ധരിക്കാറുള്ളത്. 15 ദിവസം കഴിയുമ്പോൾ ഇതേ വസ്ത്രങ്ങൾ തന്നെ വീണ്ടും ആവർത്തിച്ചു വരും. ആവശ്യത്തിന് മാത്രം സാധനങ്ങൾ വാങ്ങുന്ന രീതിയാണിത്. മുൻകാലങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ആളുകൾ പുതിയ വസ്ത്രങ്ങൾ വാങ്ങിയിരുന്നതും ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതും. എന്നാൽ ഇന്ന് സാമ്പത്തിക സ്ഥിതി ഉയർന്നതോടെ മാസത്തിൽ പലതവണ വസ്ത്രം വാങ്ങാനും ആഴ്ചതോറും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും പലർക്കും സാധിക്കുന്നുണ്ട്. എന്നാൽ ഈ ശീലം സുസ്ഥിര വികസനത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

എല്ലാ പരിപാടികൾക്കും പുതിയ വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങേണ്ടതുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം. ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ച ശേഷം വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് 365 ദിവസവും നമ്മൾ ‘കോൺഷ്യസ് കൺസ്യൂമറിസം’ എന്ന ആശയം പിന്തുടരണം. മറ്റുള്ളവരെ കാണിക്കാനോ പണമുള്ളതുകൊണ്ടോ സാധനങ്ങൾ വാങ്ങിക്കൂട്ടരുത്. വസ്ത്രമല്ല, സ്വഭാവമാണ് പ്രധാനം. ഓഫീസ് ആവശ്യങ്ങൾക്കായി എന്റെ പക്കൽ മൂന്ന് ഷൂസുകൾ മാത്രമാണുള്ളത്; കറുപ്പ്, തവിട്ട്, പിങ്ക് നിറങ്ങളിൽ. എല്ലാ വസ്ത്രങ്ങൾക്കും ഇവ ചേരും. ഇത് കേടാകുമ്പോൾ പുതിയത് വാങ്ങാം. പണമുണ്ടെന്ന് കരുതി ധാരാളം ജോടി ചെരുപ്പുകൾ വാങ്ങി കൂട്ടേണ്ടതില്ല. അതിനർത്ഥം ഞാൻ പുതിയതൊന്നും വാങ്ങാറില്ല എന്നല്ല, മറിച്ച് അനാവശ്യമായി ഒന്നും വാങ്ങാറില്ല എന്നാണ്.”

Leave a Reply

Your email address will not be published. Required fields are marked *