ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നിന്നുള്ള ഒരു യുവതി അപൂർവങ്ങളിൽ അപൂർവമായ പ്രസവത്തിലൂടെ അഞ്ച് ദിവസങ്ങൾക്കിടയിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന ഈ സങ്കീർണ്ണമായ പ്രസവത്തിലൂടെ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ജനിച്ചത്.
ശസ്ത്രക്രിയയൊന്നും കൂടാതെ സ്വാഭാവിക പ്രസവത്തിലൂടെയാണ് (നോർമൽ ഡെലിവറി) യുവതി നാല് കുഞ്ഞുങ്ങളെയും പ്രസവിച്ചത് എന്നത് ഡോക്ടർമാരെയും മെഡിക്കൽ വിദഗ്ധരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ആരോഗ്യസാധ്യതകൾ നിലനിന്നിരുന്ന ഈ ഗർഭകാലം ഡോക്ടർമാർ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിച്ചിരുന്നത്. മുൻകരുതൽ എന്ന നിലയിൽ വെന്റിലേറ്റർ സഹായത്തോടെ പരിചരിക്കുന്ന നാല് കുഞ്ഞുങ്ങളും നിലവിൽ സുരക്ഷിതരാണ്. അമ്മയും ആരോഗ്യവതിയായി സുഖം പ്രാപിച്ചുവരുന്നു.
സംഭാൽ ജില്ലയിലെ ഓവാരി ഗ്രാമവാസിയായ അമീന ഗർഭത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നാം മാസത്തിൽ നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലാണ് ഗർഭപാത്രത്തിൽ നാല് ഭ്രൂണങ്ങൾ വളരുന്നതായി കണ്ടെത്തിയത്. ഇത് പ്രസവസാധ്യതകളെ സങ്കീർണ്ണമാക്കി. സാധാരണയായി നാല് കുട്ടികൾ ഒരുമിച്ച് ഗർഭത്തിലുണ്ടാകുന്നത് അതീവ അപകടസാധ്യതയുള്ളതും അപൂർവവുമായാണ് മെഡിക്കൽ രംഗത്ത് കണക്കാക്കുന്നത്. ഇത് അകാല പ്രസവത്തിനും കുഞ്ഞുങ്ങളുടെ കുറഞ്ഞ തൂക്കത്തിനും അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. അതിനാൽ, കുട്ടികളുടെ എണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് (ഫീറ്റൽ റിഡക്ഷൻ) ഡോക്ടർമാർ ആദ്യം നിർദ്ദേശിച്ചെങ്കിലും, കർശനമായ നിരീക്ഷണത്തിൽ ഗർഭവുമായി മുന്നോട്ട് പോകാനായിരുന്നു കുടുംബത്തിന്റെ തീരുമാനം.
ആശുപത്രി അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് മേയ് 9-നാണ് അമീന ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രസവവേദന അനുഭവപ്പെടുകയും മേയ് 14-ന് ബാക്കി മൂന്ന് കുഞ്ഞുങ്ങളെക്കൂടി പ്രസവിക്കുകയുമായിരുന്നു. സിസേറിയൻ ആവശ്യമില്ലാതെയാണ് നാല് പ്രസവങ്ങളും നടന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് നാല് കുട്ടികൾ സ്വാഭാവിക പ്രസവത്തിലൂടെ ജനിക്കുന്നതെന്ന് മെഡിക്കൽ സംഘത്തിന് നേതൃത്വം നൽകിയ ഡോ. ശുഭ്ര അഗർവാൾ പറഞ്ഞു. ഡോക്ടർമാരും നഴ്സിംഗ് ജീവനക്കാരും അടങ്ങുന്ന പ്രത്യേക സംഘം ഗർഭകാലത്തുടനീളം അമ്മയുടെ ആരോഗ്യവും കുഞ്ഞുങ്ങളുടെ വളർച്ചയും നിരന്തരം നിരീക്ഷിച്ചിരുന്നു.
കുഞ്ഞുങ്ങൾ സമയമെത്തുന്നതിന് മുൻപ് പ്രസവിച്ചവരായതിനാൽ (പ്രീമെച്യുർ), മുൻകരുതൽ എന്ന നിലയിലാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. നാല് കുട്ടികളും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. അമ്മയും പൂർണ്ണ ആരോഗ്യവതിയാണ്. ഡോ. രോലി അഗർവാൾ, ഡോ. പൂർത്തി ഛന്ന എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കൽ സംഘമാണ് പ്രസവത്തിന് മേൽനോട്ടം വഹിച്ചത്.
സങ്കീർണ്ണമായ ഈ പ്രസവം സുരക്ഷിതമാക്കിയതിന് അമീന ഡോക്ടർമാർക്ക് നന്ദി അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രി ജീവനക്കാർ നൽകിയ പരിചരണത്തെയും ആത്മാർത്ഥതയെയും അമീനയുടെ ഭർത്താവ് മുഹമ്മദ് ആലിം അഭിനന്ദിച്ചു. നാല് കുട്ടികൾ സ്വാഭാവിക പ്രസവത്തിലൂടെ ജനിക്കുന്നത് ലോകമെമ്പാടും വളരെ അപൂർവ്വമായ ഒന്നാണ്. അതുകൊണ്ടുതന്നെ മെഡിക്കൽ രംഗത്തെ മികച്ച ഏകോപനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും വലിയൊരു നാഴികക്കല്ലാണ് ഈ സംഭവം..




