യുകെയിൽ നിന്ന് പുറത്തുവന്ന ഒരു നാണംകെട്ട വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച . ഇന്ത്യയിൽ നിന്ന് സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലെത്തിയ പ്രവ്ന ഭട്ട് എന്ന 27-കാരൻ, 14 വയസ്സ് മാത്രം പ്രായമുള്ള ഒരു ബ്രിട്ടീഷ് പെൺകുട്ടിയെ ഓൺലൈൻ വഴി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച് ഒടുവിൽ പിടിയിലായതാണ് സംഭവം.
യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിൽ നിന്ന് പഠനം പൂർത്തിയാക്കി നിലവിൽ പോസ്റ്റ്-സ്റ്റഡി വിസയിൽ യുകെയിൽ കഴിയുന്ന ഇയാൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. കുട്ടിക്ക് വെറും 14 വയസ്സ് മാത്രമാണ് പ്രായമെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഇയാൾ തന്റെ മോശം പെരുമാറ്റം തുടരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒടുവിൽ പെൺകുട്ടിയോട് ഒരു ഹോട്ടൽ മുറിയിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെടുകയും ഹോട്ടലിൽ മുറിയെടുക്കാനുള്ള പണം പെൺകുട്ടിയുടെ പക്കൽ നിന്ന് തന്നെ വാങ്ങുകയും ചെയ്തു. എന്നാൽ ഓൺലൈനിലൂടെ മാത്രം സംസാരിച്ചിരുന്ന പെൺകുട്ടിയെ നേരിട്ട് കാണാൻ കാത്തിരുന്ന ഇയാൾക്ക് മുന്നിലെത്തിയത് കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ചൂഷണങ്ങൾ തടയാൻ പ്രവർത്തിക്കുന്ന ‘ബ്രിട്ടീഷ് പേട്രിയറ്റ്സ്’ എന്ന പ്രാദേശിക വിജിലന്റ് ഗ്രൂപ്പായിരുന്നു.
ഇവർ പ്രവ്നയെ പിടികൂടി ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. താൻ ചെയ്ത തെറ്റുകൾ പൂർണ്ണമായി സമ്മതിച്ച ഇയാൾ, പൊലീസിനെ വിളിക്കരുതെന്ന് അപേക്ഷിച്ച് കൈകൂപ്പി കരയുന്നതും ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്ന് പറയുന്നതും വീഡിയോയിൽ കാണാം.
ലൈംഗിക ആവശ്യങ്ങൾക്കായി കുട്ടികളെ ഇന്റർനെറ്റിലൂടെ വലയിലാക്കുന്ന പ്രവണതകൾ യുകെയിൽ വർദ്ധിച്ചുവരുന്നതിനിടയിലാണ് ഒരു ഇന്ത്യക്കാരൻ ഇത്തരത്തിൽ പിടിക്കപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിൽ പോയി നിരവധിപേർ ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്യുമ്പോൾ, ഇത്തരം ചില വ്യക്തികളുടെ മോശം പ്രവർത്തികൾ മുഴുവൻ പ്രവാസി സമൂഹത്തിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേൽപ്പിക്കുന്നുണ്ട്.




